മണ്ണാർക്കാട്: കുടുംബവഴക്കിനെ തുടർന്ന് വീട് കത്തിച്ച കേസിലെ പ്രതിയായ കോട്ടോപ്പാടം പുളിക്കത്തോട്ടത്തിൽ പത്രോസി (56) നെ മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇ ആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ജനുവരി 24 നായിരുന്നു കേസിനാസ്പദമായ സംഭവം. മകൻെറ ഉടമസ്ഥതയിലുള്ള വീട് പത്രോസ് കത്തിക്കുകയായിരുന്നു. ആ വീട്ടിൽ തനിച്ചായിരുന്നു പത്രോസിന്റെ താമസം. സ്ഥിരം മദ്യപാനിയായ ഇയാൾ വിട്ടിൽ വഴക്കുണ്ടാക്കിയതിനെ തുടർന്ന് ഭാര്യയും മക്കളും വേർപിരിഞ്ഞ് പാലക്കയത്തും ഇയാൾ കോട്ടോപ്പാടത്തുമായിരുന്നു. ജനുവരി 24ാം തിയ്യതി വൈകിട്ട് അഞ്ച് മണിയോട് കൂടി ഇയാൾ തനിച്ച് താമസിക്കുകയായിരുന്ന വീട് കത്തിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ സുരേഷ്, ഉണ്ണി, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ശാന്തകുമാരി, സിവിൽ പോലീസ് ഓഫീസർ ഗിരീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു