ലൈസന്‍സ് പുതുക്കാനാകാതെ പ്രതിസന്ധിയിലായി മണ്ണാര്‍ക്കാട്ടെ വ്യാപാരികള്‍

മണ്ണാര്‍ക്കാട്: വ്യാപാര ലൈസന്‍സുകള്‍ പുതുക്കാന്‍ കഴിയാതെ മണ്ണാര്‍ക്കാട്ടെ വ്യാപാരികള്‍ പ്രതിസന്ധിയില്‍. കെട്ടിടനികുതി കുടിശ്ശികയായി വലിയ തുക അടയ്ക്കണമെന്ന നഗരസഭയുടെ നോട്ടീസ് വന്നതാണ് തങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു. സര്‍ക്കാരിന്റെ പുതിയ കെ സ്മാര്‍ട്ട്   ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈനായാണ് ലൈസന്‍സുകള്‍ പുതുക്കേണ്ടത്. ഇതില്‍  പറയുന്ന നിബന്ധനകളില്‍, സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടനമ്പറില്‍ കെട്ടിടനികുതി കുടിശിക ഉണ്ടായിരിക്കരുത് എന്നാണ്. അതേസമയം മണ്ണാര്‍ക്കാട് നഗരസഭ നിലവില്‍ വന്ന 2016 മുതല്‍ നികുതി വര്‍ധിപ്പിച്ചുവെന്നുകാണിച്ച്  ലക്ഷക്കണക്കിന് രൂപയുടെ നികുതി കുടിശ്ശികയാണ് കെട്ടിട ഉടമകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇത്രയുംവലിയ തുകകള്‍ അടക്കാന്‍ കഴിയില്ലെന്ന് അറിയിച്ചാണ്  കോടതിയെ സമീപിച്ചിട്ടുള്ളത്.  അപേക്ഷയില്‍നിന്ന്   കെട്ടിടനികുതി കുടിശ്ശിക നിബന്ധന ഒഴിവാക്കണമെന്ന് രേഖാമൂലം വകുപ്പുംമന്ത്രിക്കുവരെ  പരാതി നല്കിയിട്ടും ഫലമുണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു.  ബാങ്കുകളിലെ വായ്പകളും മറ്റു വിവിധ  ലൈസന്‍സുകളും പുതുക്കാന്‍ വ്യാപാര ലൈസന്‍സ്  നിര്‍ബന്ധമായിരിക്കെയാണ്   വലിയ തുക കുടിശ്ശികയുണ്ടെന്ന് കാണിച്ച് നോട്ടീസ് വന്നിരിക്കുന്നതെന്നും കെ.വി.വി.ഇ.എസ്. യൂണിറ്റ് ഭാരവാഹികളായ ബാസിത് മുസ്് ലിം, പി. രമേശ്, പി.യു. ജോണ്‍സണ്‍ എന്നിവര്‍ പറഞ്ഞു.
Previous Post Next Post

نموذج الاتصال