തെരുവുവിളക്കുകള്‍ നന്നാക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യം; നഗരസഭ കൗണ്‍സില്‍ യോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട്: തെരുവുവിളക്കുകള്‍ നന്നാക്കാന്‍ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം നഗരസഭാ സെക്രട്ടറിയെ അറിയിച്ചിട്ടും നടപടികളെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി പറഞ്ഞു. വിഷയത്തില്‍ സെക്രട്ടറി ഇടപെടണമെന്നും പ്രവൃത്തി അറിയാവുന്ന ആളെകൊണ്ട് തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നും ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ കൗണ്‍സിലര്‍മാരുടെ പൂര്‍ണമായ പിന്തുണയുണ്ടെന്നും യോഗം അറിയിച്ചു. 

ബി.പി.എല്‍ റേഷന്‍കാര്‍ഡിലുള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് ധനസഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ പലതവണ നടത്തിക്കുകയാണെന്നും ആക്ഷേപമുയര്‍ന്നു. റേഷന്‍ കാര്‍ഡില്‍ പേരുള്ളപ്പോള്‍ പത്തിലധികം സര്‍ട്ടിഫിക്കറ്റുകള്‍കൂടി ഹാജരാക്കണമെന്നത് ഉദ്യോഗാര്‍ഥികളെ വലയ്ക്കുകയാണ്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനുഭാവപൂര്‍ണമായ നടപടിയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. അക്ഷയ ഉള്‍പ്പെടെയുള്ള ഓണ്‍ ലൈന്‍ കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ക്ക് അമിതമായ നിരക്ക് ഈടാക്കുന്നതായും പരാതിയുയര്‍ന്നു. സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള സേവനിരക്കുകള്‍ പതിപ്പിക്കുവാന്‍ നടപടിയെടുക്കുമെന്നും പരിശോധനകള്‍ നടത്തുമെന്നും ചെയര്‍മാന്‍ മറുപടി നല്‍കി. 

കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണിയുടെ പേരില്‍ വാര്‍ഡുകളില്‍ ശുദ്ധജലവിതരണം മുടങ്ങിയത് പുനഃസ്ഥാപിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് കൗണ്‍സിലര്‍ ഷമീര്‍ വേളക്കാടന്‍ ആവശ്യപ്പെട്ടു. കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ യഥാസമയം നടപടി സ്വീകരിക്കുന്നുണ്ടെന്നും അതത് വാര്‍ഡ് കൗണ്‍സിലര്‍മാരും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. 40തിലധികം അജണ്ടകളാണ് സാധാരണ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തത്.  നഗരസഭാ ഉപാധ്യക്ഷ കെ. പ്രസീത, സെക്രട്ടറി സതീഷ് കുമാര്‍, സ്ഥിരംസമിതി അധ്യക്ഷരായ കെ. ബാലകൃഷ്ണന്‍, ഷഫീഖ് റഹ്മാന്‍, കൗണ്‍സിലര്‍മാരായ ടി.ആര്‍. സെബാസ്റ്റ്യന്‍, കെ. മന്‍സൂര്‍, മുഹമ്മദ് ഇബ്രാഹിം, പി. പ്രസാദ് എന്നിവര്‍ സംസാരിച്ചു.
Previous Post Next Post

نموذج الاتصال