പാലക്കാടൻ കാറ്റ് ഇക്കുറി എങ്ങോട്ട്

മണ്ണാർക്കാട്:  1957-ൽ രൂപീകൃതമായതു മുതൽ 'ഇടത്തോട്ട് ചെരിവുള്ള' ലോക്സഭ. മണ്ഡലമാണ് പാലക്കാട്. മുതിർന്ന നേതാക്കളായ എ.കെ.ജിയും നായനാരും വരെ പാലക്കാടിനെ ലോക്സഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. തങ്ങളുടെ ഒരു കോട്ടയായിട്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പാലക്കാടിനെ കാണുന്നതെങ്കിലും പലപ്പോഴും കോൺഗ്രസ്സിനും ആ വാതിലുകൾ തുറക്കാറുണ്ട്. നിരവധി കോൺഗ്രസ് നേതാക്കളും പാലക്കാടിനെ ലോക്സഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. പാലക്കാടിന്റെ വിധിയെഴുത്തിൽ ഇത്തവണയും നിർണ്ണായകമാവുക മണ്ണാർക്കാട് നിയമസഭ മണ്ഡലത്തിൽ നിന്നുള്ള വോട്ടാണ്. വി. കെ. ശ്രീകണ്ഠനെ കഴിഞ്ഞ തവണ വിജയത്തിലെത്താൻ ഏറെ തുണച്ചത് മണ്ണാർക്കാട് ആണ്. കഴിഞ്ഞ തവണത്തെത് ഇക്കുറി ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.  11,637 വോട്ടുകൾക്കാണ് 2019ൽ ശ്രീകണ്ഠൻ ജയിച്ചത്.  അതിന് മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടർമാർ നിർണായകമായി,  ശ്രീകണ്ഠന് 29,625 വോട്ടിൻ്റെ ലീഡാണ് നേടിക്കൊടുത്തത്.

ഇത്തവണ പക്ഷേ ഇടത്പക്ഷത്തിന് വേണ്ടി പി ബി അംഗമായ എ. വിജയരാഘവൻ ആണ് മത്സര രംഗത്തുള്ളതിനാൽ മത്സരം തീപാറും, മണ്ണാർക്കാട്ട് യുഡിഎഫ് ലീഡ് ചെയ്യുമെങ്കിലും അത് പതിനായിരത്തിൽ താഴെ മാത്രമായിരിക്കുമെന്നാണ് ഇടത് പക്ഷ പ്രവർത്തകരുടെ ആത്മ വിശ്വാസം. വിജയരാഘവൻ ചുരുങ്ങിയത് 50,000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന ആത്മവിശ്വാസമാണ്  എൽഡിഎഫ് പ്രവർത്തകർ പങ്കുവെക്കുന്നത്. 

നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ മികച്ചപ്രകടനം കാഴ്ചവെച്ചതിൻ്റേയും പാലക്കാട് നഗരസഭ ഭരിക്കുന്നതിൻ്റേയും ആത്മവിശ്വാസമാണ് ബിജെപിയ്ക്ക്. പ്രധാനമന്ത്രിയുടെ റോഡ് ഷോ കൂടുതൽ വോട്ടുണ്ടാക്കുമെന്നും അവർ കരുതുന്നു. 
പാലക്കാട് എൽ ഡി എഫ് ജയിക്കുമെന്ന് മാതൃഭൂമി ഒപീനിയൻ പോൾ പ്രവചിക്കുമ്പോൾ, അതിന് മുമ്പ് റിപ്പോർട്ടർ ചാനൽ ഒപ്പീനിയൻ പോളിൽ വി.കെ ശ്രീകണ്ഠൻ ജയിക്കുമെന്നായിരുന്നു പ്രവചനം. എന്തായാലും സിറ്റിങ്ങ് എംപിയും മുൻ എംപിയും മുൻ നഗരസഭാ ചെയർമാനും ഏറ്റുമുട്ടുമ്പോൾ പാലക്കാട്ടെ കാറ്റ് എങ്ങോട്ട് വീശുമെന്നറിയാൻ വേനലും കഴിഞ്ഞ് കാലവർഷാരംഭം വരെ കാത്തിരിക്കണം. ഇത്തവണയും നിർണായകമാവുക മണ്ണാർക്കാട് നിയമസഭ മണ്ഡലത്തിൽ നിന്നുള്ള ലീഡിന്റെ ഏറ്റക്കുറച്ചിലുകൾ ആകുമെന്ന് ഉറപ്പ്

Post a Comment

Previous Post Next Post