കൊച്ചി: ട്രെയിൻ യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ.
പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ അസി. പ്രൊഫസറായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി പ്രമോദ് കുമാറിനെ (50) യാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പോലീസ് പിടികൂടിയത്.
വ്യാഴാഴ്ച ഏറനാട് എക്സ്പ്രസിലാണ് സംഭവം. കുറ്റിപ്പുറത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന യാത്രക്കാരിക്കാണ് ദുരനുഭവമുണ്ടായത്. ട്രെയിൻ തൃശൂർ കഴിഞ്ഞപ്പോൾ അടുത്ത സീറ്റിൽ ഉറക്കം നടിച്ച് ഇരിക്കുകയായിരുന്ന പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിക്കുകയായിരുന്നു.
കൊച്ചിയിലെത്തിയ യുവതി റെയിൽവേ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവം തൃശ്ശൂർ റെയിൽവേ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ തുടരന്വേഷണം തൃശ്ശൂർ റെയിൽവേ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി