കാഞ്ഞിരപ്പുഴ: റോഡിനു കുറുകെ ചാടിയ കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. കാഞ്ഞിരപ്പുഴ തൃക്കള്ളൂർ പുളിക്കൽ വീട്ടിൽ സിബി തോമസിനാണ് (36) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10.15-ന് ചിറയ്ക്കൽപ്പടിയിലുള്ള പള്ളിക്കുസമീപമാണ് അപകടം. കാഞ്ഞിരത്തുള്ള സുഹൃത്തിന്റെ വീട്ടിൽപോയി മടങ്ങിവരവെ റോഡരികിൽനിന്ന വലിയ കാട്ടുപന്നി പെട്ടെന്ന് റോഡിലേക്ക് കുതിക്കുകയായിരുന്നു.
ബൈക്കിന്റെ മുൻചക്രത്തിന്റെ വശത്തിലിടിച്ചതോടെ ബൈക്കും സിബിനും റോഡിലേക്ക് തെറിച്ചുവീണു. സിബിന്റെ രണ്ടുകാലുകൾക്കും കൈയ്ക്കും ഉളുക്കും ചതവുകളുമുണ്ട്. ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. യുവാവ് പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.