പാലക്കാട്: ചൂട് കനത്ത സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം. മെയ് രണ്ടുവരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്നും അവധിക്കാല ക്ലാസുകള്‍ നടത്തരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു. മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ദുരന്തനിവാരണ അതോറിറ്റി നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
നിർദേശം ലംഘിച്ച് ക്ലാസുകൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ജില്ലയിലെ സാഹചര്യങ്ങൾ അല്പം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. നല്ല ജാഗ്രത പാലിച്ചാൽ മാത്രമേ അപകടം ഒഴിവാക്കാന്‍ കഴിയു. ജില്ലയില്‍ ഇതുവരെ രണ്ട് പേര്‍ സൂര്യാഘാതം ഏറ്റ് മരിച്ചു. കൂടുതൽ ഇടങ്ങളിൽ ജലം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും ജില്ലാകളക്ടർ എസ് ചിത്ര ഐഎഎസ് അറിയിച്ചു.