ഹരിപ്പാട്(ആലപ്പുഴ): സ്കൂട്ടർ യാത്രക്കാരിയെ പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ സ്കൂട്ടർ യാത്രക്കാർ സഹായിക്കാനെന്ന നാട്യത്തിൽ അടുത്തുകൂടി ആഭരണങ്ങൾ കവർന്നതായി പരാതി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുടിക്കു പിടിച്ചുനിർത്തി ആഭരണങ്ങൾ പൊട്ടിച്ചെടുത്തുവെന്നും പരാതിയിൽ പറയുന്നു. കരിപ്പുഴ നാലുകെട്ടുംകവല കവലക്കൽ ആര്യ (23)യുടെ കൊലുസ്സും രണ്ടു മോതിരവും കൈച്ചെയിനുമാണ് നഷ്ടമായത്.
ശനിയാഴ്ച രാത്രി ഏഴരയോടെ മുട്ടം കുളത്തിനു വടക്കുള്ള എൻ.ടി.പി.സി. റോഡിലാണു സംഭവം. സ്കൂട്ടറിലെത്തിയ രണ്ടുപേർ തന്റെ സ്കൂട്ടറിനു പിന്നിലിടിച്ചെന്നും വീണുപോയ തന്നെ രക്ഷിക്കാനെന്ന വ്യാജേന അടുത്തെത്തിയവർ ആദ്യം പരിക്കിനെപ്പറ്റി ചോദിച്ചെന്നും പിന്നാലെ ആഭരണങ്ങൾ ഊരിയെടുത്തെന്നുമാണ് ആര്യ പോലീസിനു മൊഴിനൽകിയത്.
കരീലക്കുളങ്ങര പോലീസ് സ്ഥലത്തു നടത്തിയ പരിശോധനയിൽ കൊലുസ്സുകളിലൊന്നും കൈച്ചെയിനിന്റെ ഭാഗവും ഉൾപ്പെടെ 14ഗ്രാം ആഭരണങ്ങൾ കണ്ടെടുത്തു. ഒന്നേകാൽ പവനോളം കിട്ടാനുണ്ടെന്നു പോലീസ് പറഞ്ഞു. റോഡിൽ വീണുകിടന്ന തന്റെ കൊലുസ്സ് ഊരിയെടുത്തപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും അപ്പോൾ മുടിയിൽ കുത്തിപ്പിടിച്ച് മറ്റ് ആഭരണങ്ങൾ അപഹരിച്ചെന്നുമാണ് ആര്യ പോലീസിനോടു പറഞ്ഞത്. അക്രമികൾ ഹെൽമെറ്റ് വെച്ചിരുന്നു.
ആര്യ രാമപുരത്തെ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ്. ജോലികഴിഞ്ഞു മടങ്ങുകയായിരുന്നു. സംഭവസമയത്ത് കനത്ത മഴയുണ്ടായിരുന്നു. റോഡു വിജനവും ഇരുട്ടും. താൻ ഉറക്കെ നിലവിളിച്ചെങ്കിലും സഹായത്തിനാരുമെത്തിയില്ലെന്നും മൊഴിയിലുണ്ട്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തു പരിശോധിച്ചു.
മാവേലിക്കര-നങ്ങ്യാർകുളങ്ങര റോഡിലെ മുട്ടം കുളം ജങ്ഷനിൽനിന്നു നാലുകെട്ടും കവലയിലെ എൻ.ടി.പി.സി. പമ്പുഹൗസിലേക്കുള്ള റോഡിലായിരുന്നു സംഭവം. ഒന്നര കിലോമീറ്ററോളം പാടത്തുകൂടിയാണ് ഈ റോഡ്.വിശദമായ അന്വേഷണം തുടങ്ങിയതായി കരീലക്കുളങ്ങര പോലീസ് പറഞ്ഞു.സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഈ റോഡിൽ വഴിവിളക്കു കത്താറില്ലെന്നും രാത്രിയിൽ സമൂഹവിരുദ്ധരുടെ ശല്യം കൂടുതലാണെന്നും നാട്ടുകാർ പറഞ്ഞു