മണ്ണാർക്കാട് : ദേശീയപാത കല്ലടി സ്‌ക്കൂളിനു സമീപമുണ്ടായ അപകടസ്‌ഥലത്ത് കാർ നിർത്തി, അപകടം അന്വേഷിക്കാൻ പുറത്തിറങ്ങിയ ആളുടെ കാറുമായി യുവാവ് കടന്നു കളഞ്ഞു. വാഹനം പിന്നീട് കല്യാണകാപ്പിൽ വെച്ച് കണ്ടെത്തി. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് പിടികൂടി. അപകടത്തിൽപ്പെട്ട കാറിന്റെ നിറവും മോഷണം പോയ കാറിന്റെ നിറവും ഒന്നായിരുന്നു.
ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. കല്ലടി സ്‌കൂൾ പരിസരത്ത് കാറും ജീപ്പും ഇടിച്ച് അപകടം നടന്നിരുന്നു. ഇതു വഴി എത്തിയ ഷിഹാബുദ്ദീൻ വിവരങ്ങളന്വേഷിക്കാൻ കാർ നിർത്തി പുറത്തിറങ്ങി, അദ്ദേഹം വാഹനത്തിൽ നിന്ന് താക്കോലെടുത്തിരുന്നില്ല. ഈ സമയം അപകടത്തിൽപ്പെട്ട കാറിലെ യുവാക്കളിലൊരാൾ ഷിഹാബുദ്ദീന്റെ കാറുമായി പോവുകയായിരുന്നു. ഇതോടെ സംഘത്തിലെ മറ്റുള്ളവരെ നാട്ടുകാർ തടഞ്ഞു വെച്ചു, പോലീസും സ്ഥലത്തെത്തി. ഉടൻതന്നെ വിവിധ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ സന്ദേശം നൽകിയതിനെത്തുടർന്ന് നാട്ടുകാർ തിരച്ചിൽ തുടങ്ങി. ഇതിനിടെ മോഷണം പോയ കാർ കല്യാണകാപ്പിൽ നിയന്ത്രണം വിട്ട് സിമന്റ് കട്ട നിർമിക്കുന്ന സ്‌ഥാപനത്തിൽ ഇടിച്ചുനിന്നു. ഉടനെ കാറും കാറോടിച്ചയാളേയും നാട്ടുകാർ തടഞ്ഞുവെച്ചു. പൊലീസ് എത്തി ഇയാളേയും പിടികൂടി.