കാഞ്ഞിരപ്പുഴ : കനത്ത വേനൽ മഴയിലും കാറ്റിലും മാവു പൊട്ടിവീണ് വീടു തകർന്നു. പൊറ്റശ്ശേരി കുമ്പളംചോല കുത്തനൂർ വീട്ടിൽ കാർത്യായനിയുടെ (65) വീടാണ് തകർന്നത്. കഴിഞ്ഞദിവസം വൈകിട്ടോടെയാണു സംഭവം. മരം പൊട്ടിവീഴുന്ന സമയം വീട്ടുകാർ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ടു പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു.
കനത്തമഴയിൽ വീടിനു സമീപത്തെ മാവ് ആണ് പൊട്ടി വീടിന്റെ ചിമ്മിനിയുടെ മുകളിലൂടെ വീണത്. ചിമ്മിനി തകർന്നു കൂടാതെ ഷീറ്റുകൾക്കും നാശമുണ്ടായി. വീട് ഭാഗികമായി തകർന്നെന്നു വീട്ടുകാരും പറഞ്ഞു. താമസിക്കാൻ പറ്റാതായതോടെ കുടുംബത്തെ മറ്റൊരിടത്തേക്കു മാറ്റിപ്പാർപ്പിച്ചെന്നു വാർഡ് മെംബർ എൻ.പ്രദീഷ് പറഞ്ഞു. വീടു തകർന്നതറിഞ്ഞു വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു