നാലിടത്ത്‌ കടുത്തമത്സരം, എങ്കിലും 20 മണ്ഡലത്തിലും യു.ഡി.എഫ്. ജയിക്കും- വിലയിരുത്തലുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. കേരളത്തിൽനിന്ന് 20 സീറ്റും നേടുമെന്ന് കെ.പി.സി.സിയുടെ വിലയിരുത്തൽ. തിരുവനന്തപുരത്ത് ചേർന്ന കെ.പി.സി.സി. നേതൃയോഗത്തിലാണ് കേരളത്തിൽ മുഴുവൻ സീറ്റിലും വിജയിക്കാനാകുന്ന സാഹചര്യമാണ് ഉണ്ടായതെന്ന് വിലയിരുത്തലുണ്ടായത്. അതേസമയം നാല് സീറ്റുകളിൽ കടുത്ത മത്സരം നടന്നതായും എങ്കിലും മുൻതൂക്കം യു.ഡി.എഫിന് തന്നെയാണെന്നുമാണ് യോഗത്തിൽ ഉണ്ടായ വിലയിരുത്തൽ.
ആറ്റിങ്ങൽ, മാവേലിക്കര, കണ്ണൂർ, പാലക്കാട് മണ്ഡലങ്ങളിലാണ് കടുത്ത മത്സരം നടന്നത്. ഇവിടങ്ങളിൽ ഭൂരിപക്ഷം കുറയുമെങ്കിലും പാർട്ടി വിജയം ഉറപ്പിക്കുന്നു. അതേസമയം തിരഞ്ഞെടുപ്പ് നടത്തിപ്പിൽ വീഴ്ചയുണ്ടായെന്ന വിമർശനവും യോഗത്തിലുണ്ടായി. യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ഇക്കാര്യം ആക്ടിങ് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ പറയുകയുണ്ടായി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. ഉദ്യോഗസ്ഥരിൽ നല്ലൊരുവിഭാഗവും മാർക്സിസ്റ്റ് പാർട്ടിയുടെ അനുഭാവികളാണെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്നും ഹസൻ ആവശ്യപ്പെട്ടു.

വാർത്ത കടപ്പാട് 
Previous Post Next Post

نموذج الاتصال