മണ്ണാർക്കാട് : വേനൽ കടുത്തതോടെ മണ്ണാർക്കാട് താലൂക്കിലെ പുഴകൾ വരൾച്ചയിലേക്ക്. കുന്തിപ്പുഴ, നെല്ലിപ്പുഴ, അലനല്ലൂരിലെ വെള്ളിയാർ എന്നിവയാണ് ജലനിരപ്പ് പാടേ താഴ്ന്ന് നീർച്ചാലുകളായി ഒഴുകുന്നത്. വേനൽമഴ ലഭിക്കാത്തതും തിരിച്ചടിയായി. പുഴകളെ ആശ്രയിച്ചുള്ള ശുദ്ധജലവിതരണ പദ്ധതികളെയും തീരപ്രദേശങ്ങളിലെ കാർഷികമേഖലയെയും ബാധിക്കുമെന്ന് ആശങ്കയുമുണ്ട്.
ഒഴുക്കുനിലച്ച് കുന്തിപ്പുഴ
ഭാരതപ്പുഴയുടെ പ്രധാനകൈവഴിയാണ്, സൈലന്റ് വാലി മലനിരകളിൽ നിന്നൊഴുകിയെത്തുന്ന കുന്തിപ്പുഴ. കാട്ടുചോലകളിലെ ഉറവകളും വരൾച്ചയുടെ പിടിയിലായതോടെ നിലവിൽ കുരുത്തിച്ചാൽമുതൽ കരിമ്പുഴ കൂട്ടിലക്കടവുവരെ പുഴ നീർച്ചാലുകണക്കെയാണ് പലഭാഗങ്ങളിലും ഒഴുകുന്നത്.
കയങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതും മണൽത്തിട്ടകൾ രൂപപ്പെട്ടതും ഒഴുക്കുനിലയ്ക്കാൻ കാരണമായി. കടവുകളിൽ നാമമാത്രമായ വെള്ളമാണുള്ളത്.
തടയണകളിൽ വെള്ളം കെട്ടിനിർത്തിയതുമാത്രമാണ് നിലവിൽ ആശ്വാസം. പ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പ് പാടേ താഴ്ന്നത് കുടുംബങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
മണ്ണാർക്കാട് നഗരസഭ, കുമരംപുത്തൂർ, കരിമ്പുഴ പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം ഈ പുഴയെ ആശ്രയിച്ചാണ്. കുന്തിപ്പുഴ പാലത്തിനു മുകൾഭാഗത്തും താഴെ ഭാഗത്തുമായാണ് കുടിവെള്ളപദ്ധതികളുടെ കിണറുകളുള്ളത്. ജലനിരപ്പ് കുറഞ്ഞതും പുഴ മലിനമാകുന്നതും കുടിവെള്ളപദ്ധതികളെ ബാധിച്ചേക്കും. പുഴയുടെ തീരങ്ങളിൽ തെങ്ങ്, കമുക്, വാഴത്തോട്ടങ്ങളുമുണ്ട്. കൃഷിയെയും ബാധിക്കും.
നീർച്ചാലായി നെല്ലിപ്പുഴ
കാഞ്ഞിരപ്പുഴയിൽനിന്നും അട്ടപ്പാടി മന്ദംപൊട്ടി ചോലയിൽനിന്നും ഉത്ഭവിക്കുന്ന നെല്ലിപ്പുഴയും വരൾച്ചയുടെ പിടിയിലാണ്. സ്വതവേ വീതികുറഞ്ഞ പുഴയുടെ പലഭാഗത്തും വെള്ളം കെട്ടിനിൽക്കുകയാണ്. പുഴയിലേക്ക് മാലിന്യംതള്ളലും കൂടി.
കുടിവെള്ള, കാർഷിക ആവശ്യങ്ങൾക്കായി നെല്ലിപ്പുഴയെ ആശ്രയിക്കുന്നവരും ഏറെയാണ്. മുൻവർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഇത്തവണ പുഴ നേരത്തേ വരൾച്ചയുടെ പിടിയിലായി. മണലും ചരൽകല്ലുകളുമടിഞ്ഞ് സംഭരണശേഷിയും കുറഞ്ഞു.
വെള്ളമില്ലാതെ വെള്ളിയാർ
സൈലന്റ്‌വാലി മലനിരകളാണ് പുഴയുടെ പ്രഭവകേന്ദ്രം. തിരുവിഴാംകുന്നിൽനിന്ന് ആരംഭിക്കുന്ന വെള്ളിയാർ കടലുണ്ടിപ്പുഴയിലാണ് ചേരുന്നത്. അലനല്ലൂർ, മേലാറ്റൂർ, കീഴാറ്റൂർ പഞ്ചായത്തുകളിലൂടെയാണ് പുഴ കടന്നുപോകുന്നത്. കാലവർഷവും തുലാവർഷവും കൈവിട്ടതിനാൽ വെള്ളിയാർ നേരത്തേ വറ്റിയിരുന്നു. കണ്ണംകുണ്ട് കോസ്‌വേയ്ക്കുസമീപം നിർമിച്ച തടയണയിലും വെള്ളമില്ല
വാർത്ത കടപ്പാട്