തൃശ്ശൂർ: പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ശാരീരികാസ്വസ്ഥത. വയറിളക്കവും ചർദിയും അനുഭവപ്പെട്ട 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമികനിഗമനം.
പെരിഞ്ഞനം സെന്ററിന് വടക്കുഭാഗത്തുള്ള സെയിൻ ഹോട്ടലിൽ നിന്നുള്ള ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായിരിക്കുന്നത്. പെരിങ്ങൂർ, കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിലുള്ളത്.
കൂടുതലായും പാഴ്സലായി ഭക്ഷണം വാങ്ങിപ്പോയവർക്കാണ് പ്രശ്നങ്ങൾ ഉണ്ടായതെന്നാണ് വിവരം. മയോണൈസിന്റേയോ മറ്റോ പ്രശ്നമാണോയെന്ന കാര്യം പരിശോധനയ്ക്ക് ശേഷമേ പറയാൻ സാധിക്കൂവെന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി