ഊട്ടി: തുടർച്ചയായ മൂന്നാംദിവസവും ഊട്ടിയിൽ വേനൽമഴ. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആരംഭിച്ച മഴ രണ്ടുമണിക്കൂർ തുടർന്നു. 40 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഊട്ടി റെയിൽവേ മേൽപ്പാലം, ഗാർഡൻറോഡ്, ലോവർ ബസാർ എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. അതേസമയം, കർഷകരും ഊട്ടിനിവാസികളും സന്തോഷത്തിലാണ്. കൂനൂരിൽനിന്നും ഡോൾഫിൻ നോസ് ഉല്ലാസകേന്ദ്രത്തിലേക്കു പോകുന്ന റോഡിൽ കാറിനു മുകളിൽ മരം കടപുഴകി വീണു. ആളപായമില്ല. എന്നാൽ, സ്ഥലത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
