പതിമൂന്നാം വയസില്‍ ആഗ്രഹിച്ചു ലഭിച്ചത് എഴുപത്തിനാലാം വയസില്‍ അതും ഇന്ത്യൻ ടീം ക്യാപ്റ്റനായി

പാലക്കാട്: വയസ് അത് ഒരു സംഖ്യ മാത്രമാണ്. പതിമൂന്നാം വയസു മുതൽ ആഗ്രഹിച്ച ഇന്ത്യന്‍ ജേഴ്സി എഴുപത്തി നാലാം വയസില്‍ സ്വന്തമാക്കുമ്പോൾ അതൊരു ചരിത്രമാവുകയാണ്. ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള അവസരം നേടുന്ന മലയാളിയായി ചരിത്രത്തിന്റെ ഭാഗമാവും ഇനി ഹേമചന്ദ്രന്‍ നായര്‍.  എഴുപത് കഴിഞ്ഞെന്ന് കരുതി വീട്ടില്‍ വെറുതെയിരിക്കാതെ മൈതാനത്ത് വിയര്‍പ്പൊഴുക്കിയപ്പോള്‍ സമ്മാനമായി കിട്ടിയതാണ് ഈ ക്യാപ്റ്റന്‍ പദവി. എഴുപത് വയസിന് മുകളിലുള്ളവരുടെ പ്രഥമ ലോകകപ്പ് ഇംഗ്ലണ്ടിൽ ജൂലായ് 28 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്നത്. 

ഇംഗ്ലണ്ടിലെ ഇന്റർനാഷണൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് യു.കെ.യും വെറ്ററൻസ് ക്രിക്കറ്റ് ഓഫ് ഇന്ത്യയും ചേർന്നാണ് എഴുപതിനുമേൽ പ്രായമുള്ളവരുടെ ആദ്യ ലോകകപ്പ് സംഘടിപ്പിക്കുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ്, ശ്രീലങ്ക, വെയിൽസ് എന്നീ രാജ്യങ്ങൾ പങ്കെടുക്കും. ഇന്ത്യൻ ടീമിനെ നയിക്കുന്ന ആദ്യമലയാളി ക്യാപ്റ്റനാകും ഹേമചന്ദ്രൻ. സ്കൂൾകാലത്തേ ക്രിക്കറ്റ് കമ്പമുണ്ടായിരുന്നെങ്കിലും വീട്ടിലെ നിർബന്ധത്തിനു വഴങ്ങി എൻജിനിയറിങ് പഠനത്തിനുചേർന്നു. എൻജിനിയറായി അന്തമാൻ നിക്കോബാറിൽ ജോലിചെയ്യുമ്പോഴും അവിടെ വിവിധ ടീമുകൾക്കായി കളിച്ചു. 38 വർഷംനീണ്ട ഔദ്യോഗികജീവിതത്തിന് വിരാമമിട്ടെങ്കിലും ഇപ്പോഴും സമയം കിട്ടുമ്പോഴെല്ലാം ക്രിക്കറ്റ് പരിശീലിക്കും. ചെന്നെയിലായിരുന്നു ടീം തിരഞ്ഞെടുപ്പ്. എത്തനൂർ കിഴക്കേത്തറയിൽ ജനിച്ചുവളർന്ന ഹേമചന്ദ്രൻ നായർ പാലക്കാട് റോട്ടറി ക്ലബ്ബ് മുൻപ്രസിഡന്റും മുൻ അസി. ഗവർണറും കൂടിയാണ്. കോസ്മൊപൊളിറ്റൻ ക്ലബ്ബിലും ഗ്രാമീണ ക്ലബ്ബുകളിലും പ്രവർത്തിക്കുന്നു. ഭാര്യ: കെ. വാണിദേവി (റിട്ട. സ്റ്റേറ്റ് ബാങ്ക് ജീവനക്കാരി). മക്കൾ: ആനന്ദ് നായർ, വിദ്യ നായർ.
 
ഹേമചന്ദ്രന്‍ നായർ  ബോൾ ചെയ്യാനെത്തുമ്പോൾ ബാറ്ററുടെ നെഞ്ചിടിക്കും, കാരണം പന്തിന്റെ വേഗതയ്ക്കൊടുവില്‍ ലക്ഷ്യം വിക്കറ്റ് നേട്ടമാവും. എഴുപത്തി നാലാം വയസിലും അത്രയേറെ കൃത്യതയുണ്ട് അദ്ദേഹത്തിന്റെ ബോളിങ്ങിന്. പതിമൂന്നാം വയസില്‍ തുടങ്ങിയ ആഗ്രഹത്തിന് അറുപത്തി ഒന്ന് വര്‍ഷത്തിന് ശേഷം ചരിത്ര നേട്ടം. എഴുപത് കഴിഞ്ഞവരുടെ പ്രഥമ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള അവസരം കൈവന്നത് നമ്മുടെ സ്വന്തം പാലക്കാട്ടുകാരനായ ഹേമചന്ദ്രന്‍ നായര്‍ക്ക്. വേഗമേറിയ പന്തെറിയുന്നയാള്‍ എന്നതാണ് പ്രധാന വിശേഷണമെങ്കിലും ബാറ്റിങിലും ഫീല്‍ഡിങിലും ഒരുപോലെ മികവുണ്ട്. 
Previous Post Next Post

نموذج الاتصال