മഴ കനക്കുന്നു; അപകടം പെരുകുന്നു

മണ്ണാർക്കാട്: കനത്തമഴയിൽ മണ്ണാർക്കാട് മിനി സിവിൽസ്റ്റേഷൻ വളപ്പിലെ മതിൽ ഇടിഞ്ഞുവീണു. ആളപായമോ മറ്റ്‌ നാശനഷ്ടങ്ങളോ ഇല്ല. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. സിവിൽസ്റ്റേഷൻ വളപ്പിന് പിന്നിലായി, എക്സൈസ് റേഞ്ച്‌ ഓഫീസിനോടു ചേർന്നുള്ള ഒന്നരയാൾ പൊക്കത്തിലുള്ള പഴയ മതിലാണ് ഇടിഞ്ഞുവീണത്. മതിലിന് സമീപമുള്ള കെട്ടിടത്തോടുചേർന്ന്, എക്സൈസ് വിവിധ കേസുകളിലായി പിടിച്ചെടുത്ത ഇരുചക്രവാഹനങ്ങൾ നിർത്തിയിട്ടിരുന്നെങ്കിലും നാശഷ്ടമുണ്ടായില്ല. കെട്ടിടവളപ്പിലെ മറ്റു ഭാഗങ്ങളിൽ പുതിയ മതിലാണുള്ളത്. പഴയമതിൽ പൊളിച്ചുനീക്കാത്തതിനാൽ, എക്സൈസ് കെട്ടിടത്തിന്റെ ഭാഗത്ത് പുതിയത് നിർമിച്ചിരുന്നില്ല.

കുന്തിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ
മണ്ണാർക്കാട്: മഴ കനത്തതോടെ, കുന്തിപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ചൊവ്വാഴ്ച രാത്രി ജലനിരപ്പ് ക്രമാതീതമായുയർന്ന് പാലത്തിന്റെ തൊട്ടുതാഴെവരെയെത്തി. മണ്ണാർക്കാട് മേഖലയിലും സൈലന്റ്‌വാലി മലനിരകളിലും ചൊവ്വാഴ്ച കനത്തമഴയായിരുന്നു. ബുധനാഴ്ച രാവിലെ ജലനിരപ്പ് കുറഞ്ഞു. സൈലന്റ്‌വാലി മലനിരകളിൽ ശക്തമായ മഴപെയ്താൽ കുന്തിപ്പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി പുഴ കരകവിഞ്ഞൊഴുകുന്നത്‌ സാധാരണമാണ്.
Previous Post Next Post

نموذج الاتصال