ഗൂഗിൾ മാപ്പിന്റെ ചതി മനസ്സിലാക്കിയ ഡ്രൈവർ രക്ഷപ്പെടാൻ വണ്ടി തിരിച്ചതേ ഓർമ്മയുള്ളു

അലനല്ലൂർ : വൈക്കോല്‍ കയറ്റി വന്ന ലോറിക്ക് ഗൂഗിള്‍ മാപ്പിന്റെ വക എട്ടിന്‍റെ പണി. തമിഴ്നാട്ടില്‍ നിന്നും വൈക്കോലുമായി കരുവാരകുണ്ടിലേക്ക് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ വന്ന ലോറിയാണ്  പാലക്കാട് എടത്തനാട്ടുകര പൊൻപാറ റോഡിൽ കുടുങ്ങിയത്. ഇന്ന് രാവിലെ 8:30 ഓടെയാണ് സംഭവം.
ഗൂഗിള്‍ മാപ്പിന്റെ നിർദേശ പ്രകാരം സംസ്ഥാന പാതയില്‍ അലനല്ലൂരില്‍ നിന്നും വലത്തോട്ട് തിരിഞ് എടത്താനാട്ടുകര റോഡിലേക്ക് പ്രവേശിച്ചു. അതുവരെയുള്ള യാത്ര പെർഫക്‌ട് ആയിരുന്നു. എടത്തനാട്ടുകരയില്‍ എത്തിയപ്പോള്‍ ഗൂഗിള്‍ മാപ്പ് കരുവാരകുണ്ടിലേക്കുള്ള ഏറ്റവും എളുപ്പ വഴിയായ പൊൻപാറ റോഡിലേക്ക് തിരിയാൻ നിർദേശം നല്‍കി. ഈ യാത്ര 100 മീറ്റർ കഴിഞ്ഞപ്പോഴേക്കും ഡ്രൈവർക്ക് പന്തികേട് തോന്നി. ഇടുങ്ങിയ റോഡ്, വൈദ്യുതി കേബിളുകള്‍ക്ക് റോഡില്‍ നിന്നും അധികം ഉയരമില്ല. എതിരെ വണ്ടി വന്നാല്‍ സൈഡ് നൽകാൻ പോലും കഴിയില്ല എന്നതൊക്കെയായിരുന്നു അവസ്ഥ. ഊരാകുടിക്കിലേക്കാണ് പോകുന്നതെന്ന് തോന്നിയ ഡ്രൈവർ തിരിച്ചു പോവാം എന്ന് കരുതി വാഹനം തിരിക്കാൻ ശ്രമിച്ചതോടെ ഒരു വശം ചെളിയില്‍ താഴ്ന്നു. പിന്നെ ഒരടി മുന്നോട്ടോ, പിന്നോട്ടോ പോവാൻ കഴിയാതെ ലോറി അക്ഷരാർത്ഥത്തില്‍ പെട്ടു.
ഒടുവില്‍ ജെ സി ബി എത്തിച്ച്‌ കയർ കെട്ടി വലിച്ചെങ്കിലും കയർ പൊട്ടി. പിന്നീട് ഇരുമ്പ് ചങ്ങല ഉപയോഗിച്ച്‌ കെട്ടിവലിച്ചാണ് വാഹനം കുഴിയില്‍ നിന്നും നീക്കിയത്. എടത്തനാട്ടുകരയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞു പൊൻപാറ വഴി കരവാരകുണ്ടിലേക്ക് എളുപ്പമാണെങ്കിലും വലിയ വാഹനങ്ങള്‍ക്ക് ഈ വഴി അത്ര എളുപ്പമല്ല.
Previous Post Next Post

نموذج الاتصال