ഏത് ചുമരും നിസ്സാരം; സ്പൈഡർ സതീഷിന് കേരളത്തിൽ വന്ന് മോഷ്ടിച്ചതേ ഓർമ്മയുള്ളു; ആന്ധ്രയിൽ പോയി കൈയ്യോടെ പൊക്കി കേരള പോലീസ്

മംഗലപുരം(തിരുവനന്തപുരം):  കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡര്‍ സതീഷ് റെഡ്ഡി എന്ന കാരി സട്ടി ബാബു (36) കേരള പൊലീസിന്റെ പിടിയില്‍. വിശാഖപട്ടണം സ്വദേശിയായ ഇയാള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എഴുപതോളം കവര്‍ച്ചക്കേസുകളിലെ പ്രതിയാണ്. തിരുവനന്തപുരം മംഗലപുരം നെല്ലിമൂടുള്ള വീട്ടില്‍ നിന്ന് 38 പവന്‍ കവര്‍ന്ന കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. യുട്യൂബ് വിഡിയോകളിലൂടെ കവര്‍ച്ചയെ കുറിച്ച് പഠിച്ച ശേഷം അതിവിദഗ്ധമായി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. എത്ര ഉയരമുള്ള ചുമരുകളും സ്പൈഡര്‍മാനെപ്പോലെ കയറുന്നത് കൊണ്ട് ഇയാളെ ആന്ധ്രയില്‍ 'സ്പൈഡര്‍ സതീഷ് റെഡ്ഡി' എന്നാണ് വിളിക്കുന്നത്. മോഷണ മുതല്‍ വിറ്റ് കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുക എന്നതാണ് സതീഷിന്റെ ശൈലി.

കൊല്ലം സ്വദേശി ഷിജിയുടെ വില്ലയിലാണ് മോഷണം നടന്നത്. ജൂൺ അഞ്ചിന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് വീട്ടുകാർ മോഷണവിവരമറിഞ്ഞത്. സി.സി.ടി.വി. ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. 40 ദിവസം അടഞ്ഞുകിടന്ന വീട്ടിൽ ജൂൺ രണ്ട് രാത്രിയിലാണ് പ്രതി മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മോഷണത്തിനുശേഷം കെ.എസ്.ആർ.ടി.സി. ബസിൽ നാഗർകോവിലിലെത്തിയ ശേഷം പ്രതി നാട്ടിലേക്ക് മടങ്ങി. പ്രതിയെ മനസ്സിലാക്കി പിന്തുടർന്നായിരുന്നു അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ ചെന്നൈ, കാഞ്ചിപുരം, ആന്ധ്രപ്രദേശിലെ തിരുപ്പതി, കൊപ്പം, വിശാഖപട്ടണം, വിജയനഗരം, കടപ്പ, കർണാടകയിലെ ബെംഗളൂരു എന്നിവിടങ്ങളിൽ 17 ദിവസം തുടർച്ചയായി നടത്തിയ അന്വേഷണത്തിനൊടുവിൽ ആന്ധ്രപ്രദേശിലെ കടപ്പയിൽനിന്നാണ് പ്രതിയെ അന്വേഷണസംഘം പിടികൂടിയത്. മോഷണം നടത്തിയ സ്വർണാഭരണങ്ങൾ പൂർണമായി കണ്ടെത്തിയതായി റൂറൽ എസ്.പി. കിരൺ നാരായൺ പറഞ്ഞു.

ആറ്റിങ്ങൽ ഡിവൈ.എസ്.പി. എ.പ്രദീപ് കുമാർ, മംഗലപുരം എസ്.എച്ച്.ഒ. വൈ.മുഹമ്മദ് ഷാഫി, കഠിനംകുളം എസ്.ഐ. എസ്.എസ്.ഷിജു, മംഗലപുരം എസ്.ഐ. അനിൽകുമാർ, സി.പി.ഒ.മാരായ ലിജു, എസ്.ഐ. ദിലീപ്, രാജീവ് എസ്., റിയാസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Previous Post Next Post

نموذج الاتصال