അട്ടപ്പാടി ഭൂതി വഴി ഊരിൽ ഭവന നിർമ്മാണ തട്ടിപ്പിനിരയായവർക്ക് വീട് നിർമ്മിച്ചു നൽകണമെന്ന് എൻ ഷംസുദ്ദീൻഎംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ അഗളി ഗ്രാമപഞ്ചായത്തിലെ അട്ടപ്പാടി ഭൂതിവഴി ഊരിലെ ഏഴ് ആദിവാസി കുടുംബങ്ങൾ 2016 ൽ ഭവന നിർമ്മാണ തട്ടിപ്പിന് ഇരയായതിനെ തുടർന്ന് ഇപ്പോഴും ഇവർ നിയമ പോരാട്ടം നടത്തിവരികയാണ്. ഇവരുടെ വീട് പണി നടന്നുവരവേ ഓരോ ഘട്ടത്തിലും ഐടിഡിപിയിൽ നിന്നും ഏഴുപേരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിച്ചു നൽകിയ 3,77,500/- രൂപ വീതം കരാറുകാർ വാങ്ങിയെടുക്കുകയും വാസിയോഗ്യമല്ലാത്ത പണിപൂർത്തിയാകാത്തതുമായ വീടുകൾ നിർമ്മിച്ച് ഇവർക്ക് നൽകുകയും ആണ് ഉണ്ടായത്. വീടുകൾ വാസയോഗ്യമല്ലാതാവുകയും ഇവരുടെ ജീവിതം തന്നെ ഇത് ഭീഷണിയായതിനെ തുടർന്ന് തട്ടിപ്പിനിരയായ ആദിവാസി കുടുംബങ്ങൾ കേസ് കൊടുത്തപ്പോൾ പോലീസ് കരാറുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയുണ്ടായി. എന്നാൽ ഈ കേസിന്റെ നടപടിക്രമങ്ങൾ ഇപ്പോൾ ഇഴഞ്ഞു നീങ്ങുകയാണ്. കരാറുകാരുടെ തട്ടിപ്പിനിരയായവർക്ക് ഇപ്പോൾ താമസിക്കാൻ വീടില്ല. മഴയും വെയിലും കൊണ്ടാണ് കഴിഞ്ഞുകൂടുന്നത്. ആയതിനാൽ തട്ടിപ്പിനിരയായവർക്ക് വീട് നിർമ്മിച്ച് നൽകുവാൻ പട്ടികവർഗ്ഗ വികസന വകുപ്പ്നടപടി സ്വീകരിക്കണമെന്നും, ഈ കേസിന്റെ നടപടിക്രമങ്ങൾ ദുരിതപ്പെടുത്തണമെന്നും എംഎൽഎ സബ്മിഷനിലൂടെ ഉന്നയിച്ചു.
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളുടെ മേൽക്കൂരയുടെ ചോർച്ച പരിഹരിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ഒ ആർ കേളു മറുപടിയിൽ പറഞ്ഞു.