അഗളി : യാത്രക്കാർക്ക് ഭീഷണിയായ 16 മരങ്ങൾ കൂടി മുറിച്ചുമാറ്റാൻ വനംവകുപ്പ് തീരുമാനം. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം മണ്ണാർക്കാട് -ചിന്നത്തടാകം റോഡിൽ കുറച്ചുഭാഗങ്ങളിൽ മരങ്ങളുടെ ചില്ലകൾ നേരത്തേ മുറിച്ചുമാറ്റിയിരുന്നു. എങ്കിലും അട്ടപ്പാടിയിൽ വിവിധ പ്രദേശങ്ങളിലെ റോഡുകളിലേക്ക് മരങ്ങൾ കടപുഴകി വീഴുന്ന അവസ്ഥയിലാണ് നിൽക്കുന്നത്
ഇന്നലെ അട്ടപ്പാടി ചുരം വളവിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരംവീണു. മൂന്നംഗകുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. പുതൂർ ചാവടിയൂർ മുണ്ടക്കുന്നിൽ അലവിക്കുട്ടിയും (55) മകളും ഒന്നരവയസ്സുള്ള കൊച്ചു മകനും സഞ്ചരിച്ചിരുന്ന കാറിന്റെ മുൻവശത്തേക്ക് മരം വീഴുകയായിരുന്നു. കാറിന്റെ മുൻവശം മുഴുവനായും തകർന്നു. കാറിലുണ്ടായിരുന്നവരെ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയശേഷം മണ്ണാർക്കാട്ടുനിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് മരം മുറിച്ചുനീക്കിയത്. അട്ടപ്പാടിയിൽ കഴിഞ്ഞമാസം നാല് സ്ഥലങ്ങളിൽ, ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്കു മുകളിലേക്ക് മരംവീണിരുന്നു.
ഇതിൽ ഗൂളിക്കടവിൽ ഓട്ടോറിക്ഷയ്ക്കുമുകളിൽ മരംവീണ് ഒമ്മലസ്വദേശി ഫൈസൽ മരിച്ചിരുന്നു. കഴിഞ്ഞയാഴ്ച ചിറ്റൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിനുമുകളിൽ മരംവീണ് രണ്ട് യുവാക്കൾക്ക് കഴുത്തിനും കൈയ്ക്കും പരിക്കേറ്റിരുന്നു. കക്കുപ്പടിയിലും ഓടിക്കൊണ്ടിരുന്ന കാറിനുമുകളിൽ മരംവീണിരുന്നു. ഈ കാറിലെ മണ്ണാർക്കാട് സ്വദേശികളായ യാത്രക്കാരും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടിരുന്നു.