മണ്ണാര്‍ക്കാട്: പരീക്ഷ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ശ്രീദേവിയമ്മയുടെ ഉത്തരം ഇങ്ങനെ "ഐ ഹാവ് ദ കോൺഫിഡൻസ് ദാറ്റ് ഐ വിൽ പാസ് ദ എക്സാമിനേഷൻ വിത്ത് ഹൈ മാർക്ക്" അതിനോട് ചേർത്ത് അമ്മ വാത്സല്യത്തോടെ ഇന്ന് പരീക്ഷ ഇംഗ്ലീഷായിരുന്നല്ലോ അത് കൊണ്ട് അതിനുള്ള ഉത്തരം ഇംഗ്ലീഷിൽ ആവാന്ന് കരുതി. എന്റെ ഇംഗ്ലീഷ് ഓ കേ അല്ലേ.. ഓ കെ എന്നല്ല ഡബിൾ ഓ കെ എന്ന് പറഞ്ഞപ്പോ ആ മുഖത്ത് നിഷ്കളങ്ക പുഞ്ചിരി. ഇത് ശ്രീദേവി അമ്മ പഠനത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അലനല്ലൂരിലെ പുത്തന്‍ വീട്ടില്‍ ശ്രീദേവി അമ്മയും കൂടെ കുമരംപുത്തൂര്‍ ചുങ്കത്തെ പച്ചീരി വീട്ടില്‍ വളളിയും. ശ്രീദേവിയമ്മക്ക് 76 വയസും, വള്ളിക്ക് 64 വയസ്സും പൂര്‍ത്തിയായി. ഇന്ന് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പ്ലസ്ടു ഹുമാനിറ്റീസ് തുല്യത പരീക്ഷ എഴുതിയവരിൽ ഏറ്റവും മുതിർന്നവർ. ശ്രീദേവിഅമ്മ പ്ലസ് വണ്ണും, വളളി പ്ലസ്ടു പരീക്ഷയുമാണ് എഴുതുന്നത്. തുല്യത പഠന ക്ലാസ് നടക്കുന്ന സമയത്തും ഇവര്‍ രണ്ട് പേരും തന്നെയായിരുന്നു താരങ്ങള്‍. പഠിതാക്കളിലെ ചിലര്‍ക്ക് ഇവര്‍ അമ്മയും അമ്മമ്മയും മുത്തശ്ശിയുമൊക്കെയായിരുന്നു.
1968ല്‍ മലപ്പുറം പാണ്ടിക്കാട് ഗവ. സ്കൂളില്‍ നിന്നും പത്താം തരം വിജയിച്ചതാണ് ശ്രീദേവി അമ്മ. വിവാഹ ശേഷം പഠനം നടത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മക്കളും പേരക്കുട്ടികളുമായി വീട്ടില്‍ കഴിഞ്ഞ് കൂടുന്നതിനിടെയാണ് ഫയര്‍ഫോഴ്സിലെ ഉദ്ദ്യോഗസ്ഥനായ അലനല്ലൂരിലെ നാസറിന്‍റെ പ്രേരണയാണ് തുല്യത പരീക്ഷ എഴുതാന്‍ കാരണമെന്ന് ശ്രീദേവിഅമ്മ പറഞ്ഞു. വിവാഹ ശേഷം മൂന്ന് പി.എസ്.സി പരീക്ഷ എഴുതിയെങ്കിലും ഒന്നില്‍ സപ്ലിമെന്‍ററി ലിസ്റ്റില്‍ അഞ്ചാമത് എത്തുകയും ചെയ്തിരുന്നതായി ശ്രീദേവിഅമ്മ പറഞ്ഞു.
തുല്യത ഏഴും പത്തും പരീക്ഷ എഴുതിയാണ് കുമരംത്തൂരിലെ വളളി പ്ലസ്ടുവരെ എത്തിയത്. തുല്യത പരീക്ഷക്ക് പ്രത്യേകം ഫണ്ട് നീക്കിവെക്കുന്ന ഗ്രാമപഞ്ചായത്താണ് കുമരംപുത്തൂര്‍. സാക്ഷരതാ പ്രേരക് വിശേശ്വരി ഭാസ്കറാണ് വളളിയെ കണ്ടെത്തി കൊണ്ടുവന്നത്. പഠനം നിര്‍ത്തിയവര്‍ക്കും പഠിക്കാന്‍ താല്‍പര്യമുളളവര്‍ക്കും ഞങ്ങള്‍ ഒരു പ്രചോദനമാവാന്‍ കൂടിയാണ് പരീക്ഷ എഴുതുന്നതെന്നാണ് ഇരുവരും പറയുന്നത്. ജില്ലയില്‍ പ്ലസ് വണ്‍, പ്ലസ്ടു തുല്യത പരീക്ഷകളിലായി 2892 പഠിതാക്കളാണ് ഇന്ന് പരീക്ഷ എഴുതിയത്. ഇതില്‍ അറൂന്നോളം പേര്‍ പരീക്ഷ എഴുതുന്ന ജില്ലയിലെ വലിയ പരീക്ഷ കേന്ദ്രം കൂടിയാണ് മണ്ണാര്‍ക്കാട്ടെ കല്ലടി ഹയർസെക്കൻഡറി സ്കൂൾ