വിനോദയാത്രികർക്ക് സന്തോഷവാർത്ത സൈലന്റ്‌വാലിയിൽ ഇനി സായാഹ്ന സഫാരിയും

മണ്ണാർക്കാട്: സൈലന്റ്‌വാലി ദേശീയോദ്യാനത്തിൽ ഇനി സായാഹ്ന സഫാരിയും. മുക്കാലിമുതൽ കീരിപ്പാറവരെയുള്ള നാലുകിലോമീറ്ററാണ് വനംവകുപ്പിന്റെ വാഹനത്തിൽ കൊണ്ടുപോകുക. സംസ്ഥാന വനവികസന ഏജൻസിയുടെ അംഗീകാരം ലഭിച്ചതോടെ ഈ മാസം സഫാരി തുടങ്ങുമെന്ന് സൈലന്റ്‌വാലി വൈൽഡ്‌ലൈഫ് വാർഡൻ എസ്. വിനോദ് അറിയിച്ചു.

രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് ഇപ്പോൾ സഫാരി നടത്തുന്നത്. ഉച്ചകഴിഞ്ഞെത്തുന്ന സന്ദർശകർ നിരാശരായി മടങ്ങുകയാണ് പതിവ്. ഇതിനുപരിഹാരമെന്ന നിലയിലാണ് കീരിപ്പാറയിലേക്കുള്ള സായാഹ്ന സഫാരി ആസൂത്രണംചെയ്തത്.

ഒന്നരമണിക്കൂറായിരിക്കും യാത്രാസമയം. വൈകീട്ട് ആറിന് അവസാനിപ്പിക്കുന്ന രീതിയിലാണ് ക്രമീകരണം. നിരക്കുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതേയുള്ളൂവെന്നും വനംഡിവിഷൻ അധികൃതർ അറിയിച്ചു. കാട്ടിലൂടെ ചെന്നെത്തുന്ന കീരിപ്പാറയിലെ തുറസ്സായ ഭാഗം ഏറെ ആകർഷണീയമാണ്. ഇവിടെയുള്ള വാച്ച് ടവറിൽ കയറി പ്രകൃതിസൗന്ദര്യം ആസ്വദിക്കാനുമാകും. മുൻവർഷങ്ങളെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ വനംവകുപ്പ് പദ്ധതി തയ്യാറാക്കുന്നത്.

സൈലന്റ് വാലിയെക്കുറിച്ചുള്ള ബ്ലോഗ് 👇🏻

ഇപ്പോൾ ഇക്കോ ഡിവലപ്‌മെന്റ് കമ്മിറ്റിയുടെ 19 ജീപ്പുകളിലും രണ്ടു സഫാരി ബസിലുമാണ് ഗൈഡിനൊപ്പം സഞ്ചാരികളെ ബഫർസോണിലൂടെ 24 കിലോമീറ്റർ ദൂരെയുള്ള സൈരന്ധ്രിയിലേക്ക് കൊണ്ടുപോകുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യണം. വന്യജീവികൾ, വിവിധയിനം പക്ഷികൾ, ചിത്രശലഭങ്ങൾ, തുമ്പികൾ, അപൂർവയിനം പുഷ്പിതസസ്യങ്ങൾ തുടങ്ങിയവ യാത്രയിലുടനീളം കാണാനാകും.ബസ് യാത്രയ്ക്ക് 600 രൂപയും ആറുപേർക്ക് ഇരിക്കാവുന്ന ജീപ്പിന് 3,500 രൂപയുമാണ് നിരക്ക്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്
Previous Post Next Post

نموذج الاتصال