പാലക്കാട്: കാടിനു നടുവിൽ ബ്രിട്ടിഷുകാർ നിർമിച്ച ഒരു ബംഗ്ലാവിൽ താമസിക്കാൻ ആഗ്രഹമുണ്ടോ? അതും ട്രെക്കിങ്ങിനു പേരുകേട്ട ധോണിയിലെ കാട്ടിനുള്ളിൽ. കാട്ടുചോലകളുടെ ആരവങ്ങള്‍ക്കൊപ്പം നടന്നേറി പ്രകൃതിയുടെ പച്ചപ്പും പകിട്ടും നേരിട്ടറിയാം. വന്യമൃഗങ്ങളെ കണ്ടാല്‍ പേടി തോന്നാത്തവരാണെങ്കില്‍ രാത്രിയില്‍ വനത്തിന് നടുവില്‍ താമസിക്കാം.
ധോണിയുടെ വന്യതയിൽ അന്തിയുറങ്ങാനൊരിടമായി. നവീകരിച്ച കവറക്കുന്ന് ബംഗ്ലാവ് സഞ്ചാരികൾക്കായി തുറന്നു. ഒരു നൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷുകാർ നിർമിച്ച ഫാംഹൗസ് കഴിഞ്ഞ ജനുവരിയിൽ അരക്കോടിരൂപ ചെലവിൽ വനംവകുപ്പ് നവീകരിച്ചിരുന്നു. തുടർന്ന്, ട്രക്കിങ്ങടക്കമുള്ള പാക്കേജ് തയ്യാറാക്കി വനംവകുപ്പ് മേധാവിക്ക് അംഗീകാരത്തിനായി സമർപ്പിച്ചു. അംഗീകാരം ലഭിച്ചതോടെയാണ് ബംഗ്ലാവ് സഞ്ചാരികൾക്കായി തുറന്നത്. ധോണി വെള്ളച്ചാട്ടത്തിന് സമീപമുള്ള നിരപ്പിനടുത്താണ് കവറക്കുന്ന് ബംഗ്ലാവ്. 1925-ൽ നിർമിച്ച ബംഗ്ലാവിൽ രണ്ടു കിടപ്പുമുറികളാണുള്ളത്. വനംവകുപ്പിന്റെ ഒലവക്കോട് റേഞ്ചിലെ ധോണിസെക്ഷൻ പരിധിയിലുള്ള കെട്ടിടത്തിൽ കിടപ്പുമുറികളും സ്വീകരണമുറിയുമടക്കം മോടിപിടിപ്പിച്ചു. ഈസ്റ്റേൺ സർക്കിൾ വനം ചീഫ് കൺസർവേറ്റർ (സി.സി.എഫ്.) കെ. വിജയാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു.
മനോരമ ന്യൂസ് റിപ്പോർട്ട് കാണാം
പാക്കേജിൽ പക്ഷിനിരീക്ഷണവും
മുല്ലക്കര ആദിവാസി വനസംരക്ഷണസമിതിയുടെ മേൽനോട്ടത്തിലാണ് കവറക്കുന്ന് ബംഗ്ലാവ് പരിസ്ഥിതി വിനോദസഞ്ചാരം (ഇക്കോ ടൂറിസം) സംരംഭമെന്ന നിലയിൽ വനം വകുപ്പ് നടപ്പാക്കുന്നത്. ധോണിമുതൽ കവറക്കുന്ന് വരെയുള്ള ട്രക്കിങ്, ധോണി വെള്ളച്ചാട്ടം സന്ദർശനം, പാണ്ടൻ കല്ലിലേക്ക് ട്രക്കിങ്, പക്ഷിനീരിക്ഷണം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പാക്കേജുപ്രകാരം ഒരു ദിവസത്തെ താമസത്തിന് രണ്ടുപേർക്ക് 7,000 രൂപയാണ് നിരക്ക്. അധിക ബെഡ്‌ഡിന് പ്രതിദിനം 2,000 രൂപ നൽകണം