ഈ രണ്ടാം ക്ലാസ്സുകാരൻ വെറും ഹീറോയല്ല; സൂപ്പർ ഹീറോയാണ്

പത്തിരിപ്പാല: ബാലന്റെ സുരക്ഷാബോധം വൻദുരന്തം ഒഴിവാക്കി. പേരൂർ എ.എസ്.ബി. സ്കൂളിലെ രണ്ടാം ക്ലാസുകാരൻ ഋതികിന്റെ സമയോചിത ഇടപെടൽ നാടിന് രക്ഷയായി. വൈകിട്ട് സൈക്കിൾ ചവിട്ടി വരുമ്പോൾ  വഴിയരികിൽ നിൽക്കുന്ന വൈദ്യുതക്കാലിന്റെ അടിഭാഗം ജീർണിച്ച് ഒടിഞ്ഞ് നിൽക്കുന്നതായി കണ്ട കുട്ടി വീട്ടിലെത്തി അമ്മൂമ്മയോട് പറഞ്ഞു.  വൈദ്യുതി ബോർഡ് ഓഫീസിൽ വിവരം അറിയിക്കാർ അമ്മാവൻ പ്രശാന്തിനെ നിർബന്ധിച്ചു. തുടർന്ന് കെ.എസ്.ഇ.ബി. ഓഫീസിൽ വിളിച്ച് വിവരം നൽകി. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ പ്രദേശത്തേയ്ക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഒടിഞ്ഞ പോസ്റ്റിലെ കമ്പിയിൽ വൈദ്യുതി പ്രവഹിച്ചിരുന്നുവെന്ന് വൈദ്യുതി ബോർഡ് അസി. എഞ്ചിനീയർ കെ. പ്രേംകുമാർ പറഞ്ഞപ്പോഴാണ് എത്ര വലിയ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർക്ക് മനസ്സിലായത്.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പത്തിരിപ്പാല ചന്ത - പേരൂർ റോഡിൽ പോസ്റ്റ് ഇടിഞ്ഞ് ഒരു ഭാഗം മണ്ണിൽ കുത്തി നിൽക്കുകയായിരുന്നു. സ്കൂൾ കുട്ടികൾ അടക്കം ഒട്ടേറെ പേർ പോകുന്ന വഴിയാണിത്. ഉച്ചയോടെ വൈദ്യുതിക്കാൽ മാറ്റിസ്ഥാപിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു. 

ചൊവ്വാഴ്ച രാവിലെ വിദ്യാലയത്തിലെത്തിയ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ സ്കൂൾ അസംബ്ലിയിൽ ഋതിക്കിനെ ഉപഹാരം നൽകി അനുമോദിച്ചു. കാൽ മുറിഞ്ഞു വീണിരുന്നുവെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നുവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരായ കെ. പ്രേംകുമാർ, അബ്ദുൾ ഷുക്കൂർ, പ്രദീപ്, സജീവ് കുമാർ എന്നിവരായിരുന്നു ഋതിക്കിനെ അനുമോദിക്കാനെത്തിയത്.
Previous Post Next Post

نموذج الاتصال