രാഹുലിനെ പുകഴ്ത്തി ശിവസേന ഉദ്ദവ് വിഭാഗം

മുംബൈ: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയ ചർച്ചയിൽ രാഹുൽഗാന്ധി നടത്തിയ പ്രസംഗത്തെ പ്രകീർത്തിച്ച് ഉദ്ധവ് താക്കറെ ശിവസേന മുഖപത്രം സാമ്ന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ആഭ്യന്തരമന്ത്രി അമിത് ഷായുടേയും ഹിന്ദുത്വയുടെ മുഖംമൂടി രാഹുൽ വലിച്ചുകീറിയെന്ന് സാമ്ന മുഖപ്രസംഗത്തിൽ പറഞ്ഞു.

ഹിന്ദുത്വയുടെ പേരിൽ ബി.ജെ.പി. കലാപം അഴിച്ചുവിടുന്നുവെന്നും വിദ്വേഷം പരത്തുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി. യഥാർഥ ഹിന്ദുത്വം സഹിഷ്ണുതയുടേതാണെന്നും ഭയമില്ലാതെ സത്യത്തെ മുറുകെപ്പിടിക്കുന്നതാണെന്നും രാഹുൽ പറഞ്ഞെന്നും, മോദിയേയും ഷായേയും അവരുടെ മൈതാനത്ത് വെല്ലുവിളിക്കാൻ രാഹുൽ ഗാന്ധിയല്ലാതെ മറ്റാരും ധൈര്യപ്പെട്ടിട്ടില്ലെന്നും സാമ്ന വാഴ്ത്തി.

പത്തുവർഷമായി മൃഗീയ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ ബി.ജെ.പി. നേതൃത്വംനൽകുന്ന സർക്കാർ പാർലമെന്റിനെ അവരുടെ കാൽക്കീഴിൽ നിർത്തി. എന്നാൽ, രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിപക്ഷം ഉയർന്നുവന്നതുമുതൽ, ഹിന്ദുത്വയുടെ പേരിൽ തോന്നിയപോലെ പെരുമാറിയവർ വെല്ലുവിളിക്കപ്പെട്ടു. രാഹുൽ ഒരു ഭാഗത്തും മറ്റുള്ളവർ എല്ലാവരും മറുഭാഗത്തുമെന്ന നിലയിൽ ലോക്സഭയിൽ കാര്യങ്ങളെത്തി. മോദിയുടേയും ഷായുടേയും ഈഗോയെ രാഹുൽ തകർത്തു. ഇനി രാഹുലിനെ തടയുക പ്രയാസമാണെന്നും സാമ്ന പറയുന്നു.

തിങ്കളാഴ്ചത്തെ ലോക്സഭയിലെ പ്രസംഗത്തിൽ കേന്ദ്രസർക്കാരിനും ബി.ജെ.പിക്കുമെതിരെ കടുത്ത വിമർശനമായിരുന്നു രാഹുൽ ഉന്നയിച്ചത്. അഗ്നവീർ പദ്ധതി, മണിപ്പുർ സംഘർഷം, നീറ്റ് തട്ടിപ്പ്, തൊഴിലില്ലായ്മ, നോട്ട് പിൻവലിക്കൽ, കർഷക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളുയർത്തി രാഹുൽ സർക്കാരിനെ കടന്നാക്രമിച്ചു. ബി.ജെ.പി. വിമർശനവുമായി എത്തിയതിന് പിന്നാലെ രാഹുലിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ സ്പീക്കർ ഓം ബിർള സഭാ രേഖകളിൽനിന്ന് നീക്കിയിരുന്നു.
Previous Post Next Post

نموذج الاتصال