പെരിന്തൽമണ്ണ: തകരാറിലായ മൊബൈൽ ഫോണിന്റെ ഡിസ്പ്ലേ മാറ്റിയത് ശരിയായില്ലെന്ന് ആരോപിച്ചു കടയിലേക്കു ഗുണ്ട് കത്തിച്ച് എറിഞ്ഞെന്ന പരാതിയിൽ, പെരിന്തൽമണ്ണ വലിയങ്ങാടി സ്വദേശി കണ്ണംതൊടി അബൂബക്കർ സിദ്ദീഖിനെ (35) പെരിന്തൽമണ്ണ എസ്ഐ ഷിജോ സി.തങ്കച്ചനും സംഘവും അറസ്റ്റ് ചെയ്തു. സ്ഫോടക വസ്തു നിയന്ത്രണ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണു കേസ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ഊട്ടി റോഡിലെ മൊബൈൽ സർവീസ് ഷോപ്പിനു നേരെയാണ് അതിക്രമം ഉണ്ടായത്. അബൂബക്കർ സിദ്ദീഖിന്റെ മൊബൈൽ ഫോൺ ഒരു തവണ ഡിസ്പ്ലേ മാറ്റി നൽകിയതായി പറയുന്നു. വീണ്ടും തകരാറിലായതോടെ കടയിലെത്തി ഇതിനെ കുറിച്ചു വാക്ക് തർക്കമുണ്ടായി. ഈ വൈരാഗ്യത്തിൽ യുവാവ് രണ്ടു ഗുണ്ടുകൾ കത്തിച്ചു കടയിലേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കടയിൽ ഉടമയും ജോലിക്കാരും ചില ഉപയോക്താക്കളും ഉണ്ടായിരുന്നു. ഗുണ്ടുകൾ കടയ്ക്കു മുൻപിലാണു പൊട്ടിയത്. ഇതിനു പിന്നാലെ കല്ല് കയ്യിലെടുത്ത പ്രതി, കട അടിച്ചു പൊളിക്കുമെന്നു ഭീഷണി പെടുത്തിയതായും പറയുന്നു. സ്ഥാപന ഉടമ മഞ്ചേരി ഏലായി വീട്ടിൽ നൗഫലിന്റെ പരാതിയിലാണു പൊലീസ് കേസെടുത്തത്.
മൊബൈൽ ഫോണിന്റെ ഡിസ്പ്ലേ മാറ്റിയത് ശരിയായില്ല എന്ന് ആരോപിച്ച് കടയിലേക്ക് ഗുണ്ട് കത്തിച്ചെറിഞ്ഞ യുവാവ് അറസ്റ്റിൽ
byഅഡ്മിൻ
-
0