തച്ചമ്പാറ: തച്ചമ്പാറ അഞ്ചാം വാർഡായ മുണ്ടമ്പലത്തെ സി.പി.എം. അംഗമായിരുന്ന ജോസ് മരിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ജയം ആർക്കെന്ന് മുൻകൂട്ടി പ്രവചിക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള പോരാട്ടമാണ് നടക്കുന്നത്. നിലവിൽ ഇടതുമുന്നണിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. ആകെയുള്ള 15 സീറ്റിൽ നിലവിൽ എൽ.ഡി.എഫിന് ആറ് അംഗങ്ങളും, യു.ഡി.എഫിന് ഏഴ് അംഗങ്ങളുമാണുള്ളത്. പഞ്ചായത്തിലെ ഏക സിപിഐ അംഗമായിരുന്ന ജോർജ് തച്ചമ്പാറ ബിജെപിയിലേക്ക് പോയതോടെ എൽഡിഎഫ് ആറിലേക്ക് ചുരുങ്ങുകയായിരുന്നു. ജോർജ് തച്ചമ്പാറ രാജിവെച്ച കോഴിയോട് വാർഡിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
ഭരണം നിലനിർത്താൻ എൽഡിഎഫിനും, ഭരണം നേടാൻ യുഡിഎഫിനും വിജയം അനിവാര്യമാണ്. അത് കൊണ്ട് തന്നെയാണ് പോരാട്ടം ശക്തമാകുന്നതും. സിപിഐ വിട്ട് ബിജെപിയിലെത്തിയ ജോർജ് തച്ചമ്പാറയിലൂടെ എക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിൽ ബിജെപിയും പോരാട്ടരംഗത്ത് സജീവമായതോടെ ജയം ആർക്കെന്നത് പ്രവചനാതീതമാണ്. പി.ആർ. സന്തോഷ് എൽഡിഎഫ് സ്ഥാനാർഥിയായും, നൗഷാദ് ബാബു യു.ഡി.എഫ്. സ്ഥാനാർഥിയായും ജോർജ് തച്ചമ്പാറ എൻഡിഎ സ്ഥാനാർഥിയായും മത്സരിക്കുന്നു. ഈ മാസം 30നാണ് ഉപതിരഞ്ഞെടുപ്പ്.