ഡ്രൈവറുടെ ചെറിയ അശ്രദ്ധ, വലിയ അപകടം ക്ഷണിച്ചു വരുത്തും

മണ്ണാർക്കാട്: ഡ്രൈവറുടെ ചെറിയ അശ്രദ്ധകൊണ്ടാണ് വലിയ അപകടങ്ങള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം മണ്ണാർക്കാട് താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ബി എം കോംപ്ലക്സിന്റെ പിറകു വശത്ത് പാർക്ക് ചെയ്ത കാർ സ്വയവേ പിറകിലേക്ക് ഉരുണ്ട് നീങ്ങിയത് ആളുകളെ ഭീതിയിലാഴ്ത്തി. തിട്ടിൽ ഇടിച്ചു നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി. അതിന്റെ ആശ്വാസത്തിലാണ് ദൃക്സാക്ഷികൾ. കഴിഞ്ഞ ദിവസം റോഡ്  പണി നടന്നത് കൊണ്ട് തിട്ട് ഉണ്ടാക്കിയത് വലിയ രക്ഷയായി.  അല്ലാത്ത പക്ഷം താഴെയുള്ള കടയുടെ മുകളിലേക്കായിരുന്നു കാർ മറിയേണ്ടിരുന്നത്. കാർ തട്ടി ഒരു സ്ത്രീക്ക് ചെറിയ പരിക്കേൽക്കുകയും ചെയ്തു.  കൃത്യമായി ഹാന്‍ഡ് ബ്രേക്ക് ഇടാത്തതിനെ തുടർന്ന് ഉണ്ടാകുന്ന അപകടങ്ങള്‍ അശ്രദ്ധമൂലമാണെന്നും വാഹനം നിര്‍ത്തി പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും എംവിഡി തന്നെ നേരത്തെ പലതവണ മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. ആ സമയം ഹാൻഡ് ബ്രേക്ക് പ്രവർത്തിക്കുന്നില്ല എങ്കിൽ നിർത്തിയിട്ട് പോകുമ്പോൾ വണ്ടി ഗിയറിൽ ആണ് എന്ന് എങ്കിലും ശ്രദ്ധിക്കേണ്ടതാണെന്ന് നാട്ടുകാരും പറയുന്നു

ഒരു വാഹനം നിറുത്തി ഡ്രൈവര്‍ പുറത്തിറങ്ങുമ്പോള്‍ വണ്ടി മുന്നോട്ടോ പിന്നോട്ടോ ഉരുണ്ട് നീങ്ങി ( പ്രത്യേകിച്ചും ചരിവുള്ള പ്രതലങ്ങളില്‍) അപകടം ഉണ്ടാകാതെ തടയുന്നത് ഹാന്‍ഡ് ബ്രേക്ക് അഥവാ പാര്‍ക്കിംഗ് ബ്രേക്കാണ്. പാര്‍ക്കിംഗ് ബ്രേക്ക് ലിവര്‍ മുകളിലേക്ക് വലിച്ച് ലോക്ക് ചെയ്യുമ്പോള്‍ വാഹനത്തിന്റെ പിന്‍ചക്രത്തിലെ ബ്രേക്ക് പ്രവര്‍ത്തനക്ഷമമാക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനം എന്ന് ലളിതമായി പറയാം.

പാര്‍ക്കിംഗ് ബ്രേക്ക് ലിവറിന്റെ ഭാഗമായ റാച്ചറ്റ് സംവിധാനമാണ് ലിവറിനെ യഥാസ്ഥാനത്ത് പിടിച്ച് നിര്‍ത്തുന്നത്. ചിലര്‍ ലിവറിന്റെ മുകളിലുള്ള നോബ് ഞെക്കിപ്പിടിച്ച് ലിവര്‍ മുകളിലേക്ക് ഉയര്‍ത്തുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ തെറ്റായി ചെയ്യുമ്പോള്‍ ബ്രേക്ക് ശരിയായി ലോക്ക് ആകില്ല. ബ്രേക്ക് റിലീസ് ചെയ്യുമ്പോഴാണ് ലിവറിന്റെ മുകളിലെ നോബ് പ്രസ് ചെയ്യേണ്ടത് എന്നുകൂടി മനസിലാക്കുക. ലിവര്‍ മുകളിലേക്ക് വലിക്കുമ്പോള്‍ 'ടിക് ടിക്' ശബ്ദം കേള്‍ക്കുന്നത് ഒന്നു ശ്രദ്ധിക്കുമല്ലൊ. റാച്ചറ്റിന്റെ ടീത്തില്‍ ലോക്ക് ആകുന്ന ശബ്ദമാണിത്.

സാധാരണയായി 4 മുതല്‍ 9 വരെ 'ടിക്'ശബ്ദമാണ് വാഹന നിര്‍മ്മാതാക്കള്‍ നിഷ്‌കര്‍ഷിക്കുന്നത്. ലിവര്‍ വിലക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ തവണ 'ടിക്'ശബ്ദം കേട്ടാല്‍ ഹാന്‍ഡ് ബ്രേക്ക് അഡ്ജസ്റ്റ് ചെയ്യാറായി എന്ന് മനസിലാക്കാം... വാഹനം നിര്‍ത്തി പുറത്തിറങ്ങും മുന്‍പ് ഗിയറില്‍ ഇടാനും മറക്കരുത്. വാഹനം ന്യൂട്രല്‍ പൊസിക്ഷനില്‍ ആണെങ്കില്‍ പോലും ' പാര്‍ക്കിംഗ് ബ്രേക്ക് ' ശരിയായി പ്രവര്‍ത്തിപ്പിച്ചിട്ടുണ്ടെങ്കില്‍ സുരക്ഷ ഉറപ്പുവരുത്താം. ഇപ്പോള്‍ മനസ്സിലായില്ലെ ' പാര്‍ക്കിംഗ് ബ്രേക്ക് ' നിസാരക്കാരനല്ലെന്ന്. ചെറിയ അശ്രദ്ധ കൊണ്ട് അപകടം വിളിച്ച് വരുത്താതിരിക്കൂ....
Previous Post Next Post

نموذج الاتصال