ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശാസ്വകോശ സംബന്ധമായ രോഗത്തെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയവെയാണ് യെച്ചൂരിയുടെ അന്ത്യം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.
ജനനം 1952 ലഗസ്റ്റ് 12 ന് ചെന്നൈയിൽ. ആന്ധ്രപ്രദേശിലെ കാക്കിനാഡയാണ് സ്വദേശം. കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് വകുപ്പിൽ എഞ്ചിനീയറായ സർവേശ്വര സോമയാജുലയുടെയും സർക്കാർ ഉദ്യോഗസ്ഥയായ കൽപ്പകം യെച്ചൂരിയുടെയും മകൻ. സ്കൂൾ പഠനം ഹൈദരാബാദിൽ. 1969 മുതൽ ഡൽഹിയിൽ. പ്രസിഡന്റ്സി എസ്റ്റേറ്റ് സ്കൂളിൽ നിന്നും CBSE ഹയർ സെക്കന്ററി പരീക്ഷയിൽ രാജ്യത്തെ ഒന്നാം റാങ്കുകാരൻ, സെന്റ് സ്റ്റീഫൻസിൽ നിന്നും ബിഎ ഒണേഴ്സ് സാമ്പത്തിക ശാസ്ത്രത്തിലും ഒന്നാം റാങ്ക്.
ഇന്ത്യൻ കമ്മ്യൂണിസ്‌റ്റുകൾക്ക് ഇടയിലെ സൗമ്യ മുഖവും ഒരു പരിധിവരെ മിതവാദിയും ആയിരുന്നു സീതാറാം യെച്ചൂരി. അടുത്ത കുറച്ചു കാലമായി ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു അദ്ദേഹം. എങ്കിലും സിപിഎം ദേശീയ ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള യെച്ചൂരിയുടെ സേവനങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടുന്നതാണ്.
1992 മുതൽ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ മെമ്പറായി പ്രവർത്തിച്ചു വരുന്ന വ്യക്തി കൂടിയാണ് സീതാറാം യെച്ചൂരി. നേരത്തെ പശ്ചിമ ബംഗാളിൽ നിന്ന് രാജ്യസഭാ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർലമെന്ററി രംഗത്തും തന്റെ മികവ് തെളിയിച്ചിരുന്നു. 2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായി അദ്ദേഹം പ്രവർത്തിച്ചു.
എസ്എഫ്ഐയിലൂടെ ആയിരുന്നു സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. തുടർന്ന് 1975ൽ അദ്ദേഹം സിപിഎമ്മിൽ ചേർന്നു. 1975ലെ അടിയന്തരാവസ്ഥ കാലത്ത് ജെഎൻയു വിദ്യാർത്ഥി ആയിരുന്നു അദ്ദേഹം. പിന്നീട് പടിപടിയായി മേലേക്ക് ഉയർന്നുവന്ന അദ്ദേഹം പ്രകാശ് കാരാട്ടിൽ നിന്ന് സ്ഥാനം ഏറ്റെടുത്ത ശേഷം കഴിഞ്ഞ ഒൻപത് വർഷമായി അദ്ദേഹം തന്നെയാണ് ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നത്.