അലനല്ലൂർ: അലനല്ലൂർ-എടത്തനാട്ടുകര മേഖലകളെ ബന്ധിപ്പിക്കുന്ന കണ്ണംകുണ്ട് പുതിയ പാലം നിർമാണത്തിന് ധനകാര്യവകുപ്പിൽനിന്നും പത്തുകോടി രൂപയുടെ പ്രവർത്തനാനുമതി ലഭിച്ചു. 2021-2022 വർഷത്തെ സംസ്ഥാന ബജറ്റിൽ നീക്കിവെച്ച അഞ്ചുകോടി രൂപയും 2024-2025 വർഷത്തിലെ അഞ്ചുകോടി രൂപയും ഉൾപ്പെടുത്തിയാണ് പുതിയ പാലത്തിന് 10 കോടി രൂപയുടെ പ്രവർത്തനാനുമതി ലഭിച്ചിട്ടുള്ളത്. എൻ. ഷംസുദ്ദീൻ എം.എൽ.എ.യ്ക്കാണ് ഇതുസംബന്ധിച്ച് ധനകാര്യവകുപ്പിൽനിന്നും കത്തുലഭിച്ചത്. ഇനി ഭരണാനുമതികൂടി ലഭ്യമാകുന്നതോടെ പാലത്തിന്റെ തുടർനടപടികളിലേക്കും കടക്കാനാകും.
വർഷങ്ങൾക്ക് മുമ്പ് പാലത്തിനായി മൂന്നുകോടി വകയിരുത്തുകയും എസ്റ്റിമേറ്റും പ്ലാനും തയാറാക്കുകയും ചെയ്തെങ്കിലും അപ്രോച്ച് റോഡിനായി സ്ഥലം ലഭിക്കാത്തതിനെ തുടർന്ന് ഫണ്ട് പാഴാവുകയായിരുന്നു. രണ്ട് വർഷത്തെ ഗതാഗത തടസ്സമില്ലാതിരിക്കാൻ അൽപം കിഴക്കോട്ട് മാറി പാലം നിർമിക്കാൻ പി.ഡബ്ല്യു.ഡി എസ്റ്റിമേറ്റും പ്ലാനും തയാറാക്കിയതാണ് വിനയായത്. കണ്ണംകുണ്ടിൽ പുതിയ പാലമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. പുഴയ്ക്കു കുറുകെ നിലവിലുള്ള കോസ്‌വേയുടെ ഉയരക്കുറവുകാരണം എല്ലാ വർഷകാലത്തും മിക്കദിവസങ്ങളിലും കോസ്‌വേ വെള്ളത്തിനടിയിലാകും. ഈ സമയങ്ങളിൽ എടത്തനാട്ടുകരയിൽനിന്ന് അലനല്ലൂരിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഉണ്ണിയാൽ വഴി കിലോമീറ്ററുകൾ താണ്ടണം. പുതിയ പാലം വന്നാൽ ഈ യാത്രാദുരിതത്തിന് പരിഹാരമാകും.