മണ്ണാർക്കാട്: കാലങ്ങളായി എം.ഇ.എസ്. കല്ലടി കോളേജ് മുതൽ ചുങ്കം ജങ്ഷൻ വരെ വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ കാൽനടയാത്ര വളരെ ഭീതിയോടെയാണ്. ഇവിടെ നടപ്പാതവേണമെന്ന ആവശ്യം ഇനിയും നടപ്പാവാത്തതിൽ പ്രതിഷേധത്തിലാണ് ഏവരും. റോഡിന്റെ വശങ്ങളിൽ മഴവെള്ളം കുത്തിയൊലിച്ചെത്തി രൂപപ്പെട്ട ചാലുകളിലൂടെയും കല്ലുകൾക്കു മുകളിലൂടെയുമാണ് ആളുകൾ നടക്കുന്നത്. കോളേജ്, സ്കൂൾ, പഞ്ചായത്ത്, വില്ലേജ്, കെ.എസ്.ഇ.ബി. ഓഫീസ്, ബാങ്കുകൾ തുടങ്ങിയവയെല്ലാം പ്രവർത്തിക്കുന്നത് കല്ലടികോളേജ്മുതൽ ചുങ്കംവരെയുള്ള ഭാഗത്താണ്.
നിലവിൽ പുല്ലും മുൾച്ചെടികളും റോഡിലേക്ക് തള്ളി നിൽക്കുന്നതിനാൽ റോഡിലേക്ക് കയറിയാണ് കാൽനട യാത്രക്കാരുടെ സഞ്ചാരം. തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങൾക്ക് സമീപത്തുകൂടെ രാവിലെയും വൈകീട്ടും വിദ്യാർഥികൾ പോകേണ്ടിവരുന്നത് രക്ഷിതാക്കളിലും ആശങ്ക പടർത്തുന്നു. റോഡിന്റെ ഇരുവശത്തും കൈവരികളോടുകൂടി നടപ്പാത നിർമിക്കാൻ ഇടപെടൽ നടത്തണമന്നാവശ്യപ്പെട്ട് കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ. ഗ്രാമപ്പഞ്ചായത്തിനും ബന്ധപ്പെട്ട അധികൃതർക്കുമെല്ലാം മുൻപ് നിവേദനം നൽകിയിരുന്നു. റോഡ് നവീകരണം പൂർത്തിയാക്കിയ കമ്പനി തിരക്കേറിയ ജങ്ഷനുകളിലും ടൗണുകളിലുമാണ് നടപ്പാത നിർമിക്കാറുള്ളത്. നെല്ലിപ്പുഴമുതൽ കോളജ് ജങ്ഷൻവരെയും ഇരുവശത്ത് കട്ടവിരിച്ച നടപ്പാതകളും കൈവരികളും നിർമിച്ചിട്ടുണ്ട്. അതേസമയം, വളവും തിരിവുകളുമുള്ളതും വാഹനത്തിരക്കേറിയതുമായ കല്ലടി കോളേജ്മുതൽ ചുങ്കംഭാഗംവരെ യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ല. റോഡ് നവീകരിച്ചപ്പോൾ ഈ ഭാഗത്തുണ്ടായിരുന്ന പഴയ നടവഴികൾപോലും ഇല്ലാതായി. നടപ്പാത നിർമിക്കാനുള്ള സ്ഥലം റോഡരികിലുണ്ട്. നടപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദേശീയപാതാ അതോറിറ്റിക്ക് നിവേദനം നൽകിയെന്നും പാതയോരത്ത് വളർന്നുനിൽക്കുന്ന പുല്ലും മുൾച്ചെടികളും വെട്ടിമാറ്റാൻ പഞ്ചായത്ത് നടപടിയെടുക്കുമെന്നും കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത് പറഞ്ഞു.
advt