പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിലും ചർച്ചകൾ കൊഴുക്കുന്നതിനിടയിൽ പാലക്കാട് നഗരസഭയ്ക്ക് മുന്നില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ഫ്‌ളക്‌സ്. പാലക്കാടന്‍ കാവി കോട്ടയിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്‌ളക്‌സാണ് നഗരസഭയ്ക്ക് മുന്നില്‍ സ്ഥാപിച്ചത്. ബിജെപിക്കാണ് പാലക്കാട് നഗരസഭ ഭരണം. ശോഭാ സുരേന്ദ്രന്‍ മണ്ഡലത്തില്‍ മത്സരിക്കണമെന്ന് ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കൃഷ്ണകുമാറിന്റെ പേര് വ്യാപകമായി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ശോഭാ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.
പരസ്യം
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായിരുന്നു കൃഷ്ണകുമാര്‍. 2000 മുതല്‍ 2020 വരെ പാലക്കാട് നഗരസഭ കൗണ്‍സിലറായിരുന്നു. 2015-20 കാലഘട്ടത്തില്‍ നഗരസഭാ ഉപാധ്യക്ഷ പദവിയും വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.