പാലക്കാട് നിയമസഭ ഉപതെരെഞ്ഞടുപ്പിൽ എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ നഗരത്തിൽ നടത്തിയ റോഡ് ഷോ
പാലക്കാട്, ചേലക്കര, വയനാട്. സ്ഥാനാർഥി പ്രഖ്യാപനത്തോടെ ഉപതിരഞ്ഞെടുപ്പിനുള്ള വീറും വാശിയും നിറയ്ക്കുകയാണ് അതത് രാഷ്ട്രീയ പാർട്ടികൾ. നവംബർ പതിമൂന്നിലേക്ക് നീട്ടിയൊരു ചാട്ടത്തിന്റെ ദൂരമേ ഇനിയുള്ളൂ. ജയം ആർക്കും അത്ര എളുപ്പമല്ലാതാവുന്നത് മണ്ഡലങ്ങളുടെ പ്രത്യേകതയും അതത് പാർട്ടികൾ നിർത്തിയ സ്ഥാനാർഥികൾ ഒന്നിനൊന്ന് പ്രബലരാവുമ്പോഴാണ്. രാഷ്ട്രീയ ശക്തിയോ സ്ഥാനാർഥി മികവോ. കൂടുതൽ മാർക്ക് ജനം ഏതിന് നൽകും. അങ്ങനെ വന്നാൽ രാഷ്ട്രീയ സാധ്യതകൾ മാറാം. മൂന്നു മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് ചർച്ചകൾ മുറുകുമ്പോൾ പൊടിപാറും പോരാട്ടം പാലക്കാട്ടായിരിക്കും നടക്കുക. യുവപോരാളികൾ അണിനിരക്കുന്ന ശക്തമായ ത്രികോണമത്സരം. രണ്ട് തവണയും സിപിഎമ്മിനെ പിന്തള്ളി ബിജെപി രണ്ടാമതെത്തിയ മണ്ഡലം. 2021 ൽ ഇ. ശ്രീധരൻ ഒരു ഘട്ടത്തിൽ വിജയിക്കുമെന്ന് പോലും തോന്നിച്ച വാശിയേറിയ പോരാട്ടത്തിനൊടുവിൽ നാലായിലത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് ഷാഫി പറമ്പിൽ അവസാനം ജയിച്ചുകയറിയ പാലക്കാട്. ഷാഫിയുടെ വലംകൈയായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും ചാനൽ ചർച്ചകളിൽ പാർട്ടിയുടെ മുഖവുമായ രാഹുൽ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ സ്ഥാനാർഥിയാക്കി ആദ്യമേ കളംനിറഞ്ഞു. എന്നാൽ കോൺഗ്രസിനെ ഞെട്ടിച്ചുകൊണ്ട് ഇന്നലെ വരെ ഒരേവാദം നിരത്തി കൈക്കീഴിലായിരുന്ന കെ.പി.സി.സി ഡിജിറ്റൽ വിങ് കൺവീനറായിരുന്ന പി സരിൻ ഇടഞ്ഞു. രാഹുലിനും ഷാഫിക്കും സതീശനുമെതിരെ പൊട്ടിത്തെറിച്ചു. ഷാഫിയെ മാറ്റിയത് ബിജെപിക്ക് ജയിക്കാനായുള്ള ഡീൽ ആണെന്ന ആരോപണവുമായി രണ്ടാം റൗണ്ട് വെടിപൊട്ടിച്ചപ്പോഴേക്കും കെപിസിസി സരിനെ പുറത്താക്കി. പിന്നെ ഒട്ടും വൈകിയില്ല സരിൻ ലെഫ്റ്റായി. ചുവപ്പണിഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ ഇടത് സ്വതന്ത്രനായി രംഗപ്രവേശം ചെയ്യുകയും ചെയ്തു. ഷാഫിയെ രണ്ട് തവണ ജയിപ്പിച്ച ജനം ഇത്തവണ രാഹുലിന് കൈകൊടുക്കുമോ. അതോ സരിന് യുഡിഎഫിനെ അട്ടിമറിക്കുമോ. അതോ രണ്ടാമതുള്ള ബിജെപി ഇത്തവണ വിജയം കാണുമോ. പൊരിഞ്ഞപോരാട്ടമാകും അതുറപ്പ്.