മണ്ണാർക്കാട് : മണ്ണാർക്കാട് നഗരസഭയിലെ ചില പ്രദേശങ്ങൾക്ക് പുറമേ കുമരംപുത്തൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കൂടുതലായും മൈലാംപാടം, ചക്കരക്കുളമ്പ്, ചങ്ങലീരിയിലെ മല്ലിയിൽ, വേണ്ടാംകുറുശ്ശി ഭാഗങ്ങളിലാണ് വാഹന, കാൽനടയാത്രക്കാർക്കും പോലും ഭീഷണിസൃഷ്ടിച്ചുള്ള കാട്ടുപന്നികളുടെ വിഹാരം. പത്രവിതരണക്കാരും ടാപ്പിങ് തൊഴിലാളികളും പ്രഭാത സവാരിക്കിറങ്ങുന്നവരുമെല്ലാം ഭീതിയിലാണ്.
കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നത് പഞ്ചായത്തിൽ ഇതുവരെ നടപ്പായിട്ടില്ല. ലൈസൻസുള്ള ഷൂട്ടർമാരുടെ സേവനം ലഭിക്കാത്തതാണ് ഇതിന് തടസ്സമാകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത് പറഞ്ഞു. വിഷയം വനംവകുപ്പിലും അറിയിച്ചിട്ടുണ്ട്. അടുത്ത ആഴ്ച ചേരുന്ന ഭരണസമിതിയോഗത്തിൽ കാട്ടുപന്നികളെ അമർച്ചചെയ്യുന്നത് സംബന്ധിച്ചുള്ള പ്രത്യേക അജൻഡയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കപ്പ ലക്ഷ്യമാക്കിയാണ് കാട്ടുപന്നികൾ കൂടുതലായും കൃഷിയിടങ്ങളിലേക്കെത്തുന്നത്. ചേന, വാഴ ഉൾപ്പെടെയുള്ള കൃഷികളും നശിപ്പിക്കുന്നുണ്ട്. രാത്രിയാകുന്നതോടെ കൂട്ടമായി ഇറങ്ങുന്ന കാട്ടുപന്നികൾ പുലർച്ചെയാണ് മടങ്ങുന്നത്.