മണ്ണാര്‍ക്കാട് : കഴിഞ്ഞദിവസം നൊട്ടമലയിൽ കുടുങ്ങിയ ട്രെയ്‌ലർ ലോറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തനിയെ പിന്നിലേക്കുരുണ്ട് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസിലിടിച്ച് അപകടം. ദേശീയപാതയോരത്തേക്ക് വലിച്ചുനീക്കി അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് തനിയെ പിന്നിലേക്കുരുണ്ടത്. ബസിലിടിച്ച ശേഷം ലോറി റോഡിനു കുറുകെ കിടന്നത് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതകുരുക്ക് സൃഷ്ടിച്ചു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. മെക്കാനിക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കമ്പി കയറ്റിയ ഭാരവാഹനം തനിയെ പിന്നിലേക്കുരുണ്ട് നീങ്ങുകയായിരുന്നു. വാഹനത്തിന് സമീപംതന്നെ നിന്നിരുന്ന ഡ്രൈവർ അപ്പാദുരൈ അപകടം മനസ്സിലാക്കിയ ഉടനെ വാഹനത്തിലേക്ക് ചാടിക്കയറി. ബ്രേക്ക് ചവിട്ടിയെങ്കിലും കിട്ടിയില്ല. ഇതോടെ, സ്റ്റിയറിങ് തിരിച്ച് വാഹനത്തിന്റെ ഗതിമാറ്റുകയായിരുന്നു. ഇതോടെയാണ് വാഹനം നിന്നത്. നെല്ലിപ്പുഴ ഭാഗത്തുനിന്ന് വിദ്യാർഥികളെ ഇറക്കിവരികയായിരുന്ന ബസിൽ തട്ടിയശേഷം ലോറി റോഡിന് കുറുകെ കിടന്നത്.
ഇതോടെ, രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. അപകടത്തിൽ ബസിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു. ചെറിയ കേടുപാടുകളും സംഭവിച്ചു. പോലീസും നാട്ടുകാരും ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്. തുടർന്ന്, ഡ്രൈവർ വാഹനം തിരിച്ച് വീതികൂടിയ ഭാഗത്തേക്ക് ഒതുക്കിനിർത്തിയതോടെയാണ് അരമണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്കൊഴിഞ്ഞത്.