ഇടപാടുകാർ പെട്ടു! അടച്ച പണവുമില്ല; ആളുമില്ല' കാരാട്ട് കുറീസിനെതിരെ പരാതി

മണ്ണാർക്കാട്:  ലക്ഷങ്ങളുടെ കുറി പണവുമായി കമ്പനി ഡയറക്ടർമാർ മുങ്ങിയതായി പരാതി.  കാരാട്ട് കുറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർമാരായ സന്തോഷ്, മുബഷിർ എന്നിവർക്കെതിരെയാണ് പരാതി. 13 മാസം മുമ്പ് 25000 രൂപ മാസവരിയുള്ള അഞ്ചു ലക്ഷം രൂപയുടെ കുറിയിൽ ചേർക്കുകയും ഇതുവരെ 318500 രൂപ അന്യായക്കാരൻ അടയ്ക്കുകയും ചെയ്തു. 462500 രൂപയ്ക്ക് കുറി വിളിച്ചെടുത്തു. എന്നാൽ കൊടുക്കേണ്ട കുറിപ്പണം കൊടുക്കാതെ സ്ഥാപനം പൂട്ടിയെന്നാണ് പരാതി. മണ്ണാർക്കാട് സ്വദേശി ബിബിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

മണ്ണാർക്കാട് ചന്തപ്പടിയിൽ നാലുവർഷമായി പ്രവർത്തനം തുടരുന്ന ശാഖയിലെ ഉപഭോക്താക്കളാണ് പരാതിയുമായി എത്തിയിട്ടുള്ളത്. ആഴ്ചയിൽ ആയിരം രൂപ വീതം സലകളുള്ള ചിട്ടികൾ മുതൽ കൂടുതൽ സംഖ്യകളിൽ ഇടപാടുള്ള കമ്പനിയിൽ നിന്ന് ലക്ഷങ്ങളുമായാണ് ഉടമകൾ മുങ്ങിയതെന്ന് പറയുന്നു. തുടർന്ന് പോകുന്ന ചിട്ടികളുടെ വരിസംഖ്യ അടയ്ക്കുവാനും, ലഭിച്ച ചിട്ടി തുക കൈപ്പറ്റുവാനും ഓഫീസിൽ എത്തിയ ഉപഭോക്താക്കൾ ഓഫീസ് പൂട്ടിയത് കണ്ടതോടെയാണ് വഞ്ചിക്കപ്പെട്ടത് അറിഞ്ഞത്. മണ്ണാർക്കാട് ശാഖയിൽ മാത്രം അട്ടപ്പാടി മേഖലയിൽ നിന്ന് ഉൾപ്പെടെ 36 പരാതികളാണ് മണ്ണാർക്കാട് പോലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുള്ളതെന്നാണ് അറിയുവാൻ കഴിയുന്നത്
Previous Post Next Post

نموذج الاتصال