പറളി: ഫുട്‌ബോൾ സെലക്ഷൻ ക്യാമ്പിലേക്കുപോയ രണ്ട് വിദ്യാർഥികൾ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് മരിച്ചു. വിക്ടോറിയ കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥികളായ പറളി കുന്നത്ത്‌വീട്ടിൽ മുഹമ്മദ് ഷഫീൽ (19), പാലക്കാട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഹാപ്പിനഗർ ഹുസൈൻ ഹൗസിൽ മുസാഫിർ (19) എന്നിവരാണ് മരിച്ചത്. തേനൂർ-കോട്ടായി റോഡിൽ പെട്രോൾപമ്പിനുസമീപം നിർത്തിയിട്ടിരുന്ന ലോറിക്കുപിന്നിലാണ് ഇവരുടെ ബൈക്ക് ഇടിച്ചുകയറിയത്. ഞായറാഴ്ച രാവിലെ 5.50നായിരുന്നു അപകടം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഫുട്ബോൾ സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കാൻ ഗുരുവായൂർ ശ്രീകൃഷ്ണകോളേജിലേക്ക് പോവുകയായിരുന്നു ഇവരെന്ന് ബന്ധുക്കൾ പറഞ്ഞു. അപകടത്തിൽ ഗുരുതര പരിക്കേറ്റ മുഹമ്മദ് ഷഫീൽ രാവിലെ ഏഴുമണിയോടെ ജില്ലാ ആശുപത്രിയിലും മുസാഫിർ വൈകീട്ട് ആറുമണിയോടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
മുഹമ്മദ് ഷഫീലിന്റെ പിതാവ്: കെ.എം. സലീം. ഉമ്മ: ഷഫീന. സഹോദരൻ: സഫ്‌വാൻ. മൃതദേഹം പോസ്റ്റ്‌മോർട്ടം, പോലീസ് നടപടികൾക്കുശേഷം പറളി മസ്ജിദുൽ മുജാഹിദ്ദീൻ കബർസ്താനിൽ കബറടക്കി.
മുസാഫിറിന്റെ പിതാവ് : അൻവർ. ഉമ്മ: സുഹറ. സഹോദരി : മുഫീദ. ഖബറടക്കം പിന്നീട്.