ജിഎസ്ടി അടക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി, യുവാവ് അറസ്റ്റിൽ

പട്ടാമ്പി: ജി.എസ്.ടി അടച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. തൃത്താല തച്ചറംകുന്ന് കളത്തിൽ വീട്ടിൽ നവാസ് ബിൻ അലി (34) ആണ് അറസ്റ്റിലായത്. 2022 നവംബർ മുതൽ 2023 ജൂൺ വരെയുള്ള കാലയളവിൽ പി.കെ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൻ്റെ ജി.എസ്.ടി. തുക അടച്ചു നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പരാതിക്കാരൻ്റെ പട്ടാമ്പിയിലുള്ള മൂന്ന് ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിന്ന് എട്ട് തവണകളായി 4,50,000 രൂപ കൈപറ്റിയെങ്കിലും ഇയാൾ നികുതി അടച്ചിരുന്നില്ല. കൂടാതെ, 54,555 രൂപയുടെ വ്യാജ ജി.എസ്.ടി. രസീത് നൽകി വിശ്വാസവഞ്ചന കാണിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്.

പ്രതി ഇതിന് മുമ്പ് തൃത്താല, ചാലിശ്ശേരി സ്റ്റേഷനുകളിൽ സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതേ കാര്യംപറഞ്ഞ് വ്യാപാരികളിൽ നിന്ന് പണം വാങ്ങുന്ന നവാസ് വ്യാജരേഖ കാണിച്ചാണ് വ്യാപാരികളെ കബളിപ്പിച്ചത്. സംശയം തോന്നിയ വ്യാപാരികൾ വിഷയം പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. കേസ് രജിസ്റ്റർ ചെയ്തതുമുതൽ ഇയാൾ ഒളിവിലായിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി പ്രതിയുടെ പട്ടാമ്പിയിലെ നവാസ് ആൻഡ് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിലും പോലീസ് അന്വേഷണം നടത്തിയിട്ടുണ്ട്.
Previous Post Next Post

نموذج الاتصال