ചൈനയിലെ പരീക്ഷ പാസാകാൻ വേണ്ട മന്ത്രവാദം പോലും കൈയ്യിലുള്ള ഷമീനയെന്ന ജിന്നുമ്മ

കാഞ്ഞങ്ങാട്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുൾഗഫൂർ ഹാജി വധവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണത്തിൽ ലഭിച്ച കൂടുതൽ വിവരങ്ങൾ കേട്ടാൽ ആരും മൂക്കത്ത് വിരൽവെച്ചു പോകും. ചൈനയിൽ എം.ബി.ബി.എസിന് പഠിക്കുന്ന ബന്ധുവിന് പരീക്ഷ പാസാകാൻ മന്ത്രവാദം നടത്തിയാൽ മതിയെന്ന് ഷമീന പറഞ്ഞു. ഇത് വിശ്വസിച്ച് അതുപോലെ കാര്യങ്ങൾ നടത്തുകയും ചെയ്തു. മന്ത്രവാദത്തിനുള്ള പ്രതിഫലമായി ഡയമണ്ട് നെക്ലേസാണ് ഷമീനയെന്ന ജിന്നുമ്മ കൈക്കലാക്കിയത്. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന നെക്ലേസ് തനിക്ക് സമ്മാനമായി നൽകിയതാണെന്നാണ് ഷമീന അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി.  ഷമീന മന്ത്രവാദത്തട്ടിപ്പ് നടത്തി അബ്ദുൾ ഗഫൂർ ഹാജിയെ ഇതിനു മുൻപും പറ്റിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.  സ്വർണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പലതവണയായി ഗഫൂർ ഹാജിയിൽനിന്ന് ഷമീന വാങ്ങിയ സ്വർണം കുടത്തിലിട്ട് അടച്ചുവച്ചുവെന്ന് പറഞ്ഞ് ബോധിപ്പിച്ചു. കൊല നടന്ന ദിവസവും ഗഫൂർ ഹാജി സ്വർണം നൽകിയെന്ന് പ്രതികൾ മൊഴി നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥൻ ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. കെ.ജെ.ജോൺസൺ പറഞ്ഞു. ആറുമാസത്തിനുള്ളിൽ കുടം തുറന്നാൽ അതിനകത്തെ സ്വർണം മണ്ണാകുമെന്നും വിശ്വസിപ്പിച്ചു. ഇതൊന്നും ഷമീനയല്ല ഗഫൂർ ഹാജിയോട് പറയുന്നത്. മന്ത്രവാദത്തിനിടെ പാത്തൂട്ടിയെന്ന പെൺകുട്ടിയായി ഇവർ മാറും. പാത്തൂട്ടിയുടെ സ്വരത്തിലും ശരീരഭാഷയിലുമാണ് സംഭാഷണം. പ്രതികളുടെ വാട്സാപ്പ് ചാറ്റുകളിലെ ശബ്ദസന്ദേശത്തിൽ പറയുന്ന വിഷയങ്ങളിലേക്കിറങ്ങി, പോലീസ് സമർഥമായാണ് ഓരോരുത്തരെയും ചോദ്യംചെയ്തത്. ഫോണിൽനിന്ന് ഈ ശബ്ദസന്ദേശങ്ങളെല്ലാം ഡിലീറ്റ് ചെയ്തിരുന്നെങ്കിലും അതെല്ലാം പോലീസ് റിക്കവർ ചെയ്തു. കോടതി റിമാൻഡ് ചെയ്ത് ഇവർ അഴിക്കുള്ളിലായെങ്കിലും ദുർമന്ത്രവാദത്തിലൂടെ പുറത്തുവരുമെന്ന് വിശ്വസിച്ചവരുമുണ്ടെന്നതാണ് ഏറെ കൗതുകം. ജിന്നുമ്മയുടെ ശക്തിക്ഷയിച്ചതാണ് പ്രത്യേക അന്വേഷണ സംഘത്തിന് തുണയായതെന്നാണ് നാട്ടിലെ അടക്കംപറച്ചിൽ. ആദ്യം കേസന്വേഷിച്ച ഏമാൻമാരൊക്കെ ഭയന്ന് പിൻമാറിയെന്നും ഇവർ പറയുന്നു. ഒരു ഏമാന്റെ കുടുംബത്തിലെ ചിലർക്ക് അസുഖം വന്നത്, ജിന്നുമ്മയുടെ കൂടോത്രമാണെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ
Previous Post Next Post

نموذج الاتصال