മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായെത്തിയ യുവതിയുടെ നില അപകടകരമായ അവസ്ഥയിലേക്ക് പോയപ്പോൾ ഡോ: കമ്മാപ്പയും സംഘവും മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് താലൂക്ക് ആശുപത്രിയിലേക്ക് പറന്നെത്തുകയായിരുന്നു. ഇന്നലെയാണ് സംഭവം തെങ്കര ചിറപ്പാടം സ്വദേശിനിയായ 23 കാരിക്കാണ് കമ്മാപ്പ ഡോക്ടർ രക്ഷകനായി മാറിയത്. താലൂക്ക് ആശുപത്രിയിൽ ലേബർ റൂമിൽ കയറ്റിയ യുവതിക്ക് സിസേറിയൻ വേണ്ട സാഹചര്യം ഉണ്ടാകുകയും, താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർ കലയുടെ നേതൃത്വത്തിൽ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ പെട്ടെന്ന് അപ്രതീക്ഷിതമായി യുവതിയുടെ നില അപകടകരമായ രീതിയിൽ വഷളായി. അമ്മയുടെയും കുഞ്ഞിന്റെയും ജീവന് തന്നെ ഭീഷണിയാകുന്ന നില വന്നപ്പോൾ, മനസാന്നിദ്ധ്യം കൈവിടാതെ ഡോക്ടർ കല പെട്ടെന്ന് തന്നെ ഈ രംഗത്ത് ഏറെ അനുഭവ സമ്പത്തുള്ള ന്യൂ അൽമ ഹോസ്പിറ്റൽ എം.ഡി കൂടിയായ ഡോ: കെ.എ.കമ്മപ്പയെ ഫോണിൽ വിളിക്കുകയായിരുന്നു,
സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ഡോ: കമ്മാപ്പ തന്റെ ഹോസ്പിറ്റലിലെ തിരക്കുകൾ മാറ്റി വെച്ച് രണ്ട് സഹപ്രവർത്തകരെയും കൂട്ടി താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചെത്തി ഡോ:കലയോടൊപ്പം രക്ഷാദൗത്യം ആരംഭിച്ചു. ഡോക്ടർമാരുടെ പരിശ്രമത്തിന്റെ ഫലം കാണുകയും സിസേറിയൻ വിജയകരമായി പൂർത്തിയാക്കാനുമായി. നഷ്ടപ്പെട്ടു എന്ന് കരുതിയിടത്തു നിന്ന് രണ്ട് ജീവനുകൾ തിരിച്ചു പിടിച്ച ചാരിതാർത്ഥ്യത്തോടെ ലേബർ റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ
ഡോ:കമ്മാപ്പയുടെ അനുഭവ സമ്പത്തിന് ഡോ:കലയും സഹപ്രവർത്തകരും നന്ദി പറഞ്ഞപ്പോൾ, നിർണായക ഘട്ടത്തിലും മനസാന്നിദ്ധ്യം വിടാതെ പ്രവർത്തിച്ച ഡോ: കലയുടെ ഇടപെടലിനെ ഡോ:കമ്മാപ്പയും അഭിനന്ദിച്ചു. നിലവിൽ അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കുന്നു.
Tags
mannarkkad