മണ്ണാർക്കാട്: പ്രതിഷേധം ശക്തമാകുന്നതിനിടെ നെല്ലിപ്പുഴ-ആനമൂളി റോഡില്‍ ടാറിംഗിനായുള്ള പ്രവൃത്തികള്‍ പുനഃരാരംഭിച്ചു. നവീകരണ പ്രവർത്തികള്‍ പുനഃരാരംഭിക്കുമെന്നു അഡ്വ.എൻ.ഷംസുദ്ദീൻ എം.എല്‍.എ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് തെങ്കര മുതല്‍ നെല്ലിപ്പുഴ വരെയുള്ള നാല് കിലോമീറ്ററോളം ദൂരത്തില്‍ ടാറിംഗ് തുടങ്ങിയത്. പുഞ്ചക്കോട് വരെ ടാറിംഗ് എത്തിയപ്പോഴേക്കും കാലവർഷം ശക്തമാവുകയും ബാക്കി ഭാഗത്തെ പ്രവൃത്തികള്‍ മുടങ്ങുകയായിരുന്നു. ടാറിംഗിനായി പരുവപ്പെടുത്തിയ ഉപരിതലത്തില്‍ മഴ പെയ്ത് കുഴികള്‍ നിറഞ്ഞതിനാല്‍ റോഡ് അപകടകെണിയുമായി. മഴയില്ലാത്ത സമയങ്ങളില്‍ റോഡില്‍ നിന്നും വൻതോതില്‍ പൊടി ഉയർന്നതും ദുരിതമായി. കഴിഞ്ഞ നവംബർ ആദ്യവാരത്തിലാണ് പുഞ്ചക്കോട് നിന്നും നെല്ലിപ്പുഴയിലേക്കുള്ള റോഡ് പ്രവൃത്തികള്‍ പുനരാരംഭിച്ചത്. ഓടയുടെ പ്രവൃത്തികളും പാറപൊട്ടിക്കലും നടത്തേണ്ടതിനാലും നെല്ലിപ്പുഴ ഭാഗം, ചെക്‌പോസ്റ്റ് ജംഗ്ഷൻ, മണലടി ജംഗ്ഷൻ എന്നിവടങ്ങളില്‍ ടാറിംഗ് നടത്താനാകാതെ പോയത്. തുടർന്ന് നാളുകളോളം പ്രവൃത്തി നിലച്ചത് യാത്രാപ്രതിന്ധിയുമുണ്ടാക്കി. ഇത് പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുകയും ചെയ്തു. നവീകരണം ഉടൻ പൂർത്തിയാക്കണെമന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം നാട്ടുകാർ ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. നെല്ലിപ്പുഴ ഭാഗത്തെ പ്രവൃത്തികള്‍ക്ക് സമാന്തരമായി തെങ്കരയില്‍ നിന്നും ആനമൂളിയിലേക്കുള്ള റോഡ് ടാറിംഗിനുള്ള ജോലികളും സമാന്തരമായി നടത്തുമെന്ന് കെ.ആർ.എഫ്.ബി അധികൃതർ അറിയിച്ചു. ഈ ഭാഗത്ത് കലുങ്കുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പാതയോരത്തെ മരംമുറിക്കുന്നതിന് പ്രൊജക്‌ട് ഡയറക്ടറില്‍ നിന്നും അനുമതിയാകുന്ന പ്രകാരം ഇതിനുള്ള നടപടികളും സ്വീകരിക്കും. റോഡിന് തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുൻഗണനാക്രമത്തില്‍ മുറിച്ച് നീക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കുമെന്നും അധികൃതർ അറിയിച്ചു.
Tags
mannarkkad