26 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

കോട്ടോപ്പാടം : ഗ്രാമപഞ്ചായത്ത് പരിധിയിലെ ശല്ല്യക്കാരായ കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി അംഗീകൃത ഷൂട്ടര്‍മാരെ ഉപയോഗിച്ച് നടത്തിയ രണ്ടാം ദൗത്യത്തില്‍ 26 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. ആര്യമ്പാവ്, കൊമ്പം കൊടക്കാട്, കോട്ടോപ്പാടം, മേക്കളപ്പാറ, തിരുവിഴാംകുന്ന് പ്രദേശങ്ങളില്‍ നിന്നാണ് കാട്ടു പന്നികളെ വെടിവെച്ച് കൊന്നത്. 

ഷൂട്ടര്‍മാരായ ദിലീപ്കുമാര്‍, സംഗീത്, അലി എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു ദൗത്യം. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നികള്‍ കൃഷിനാശം വരുത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ടത്. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി, മെമ്പര്‍മാരായ നിജോ വര്‍ഗീസ്, സി.കെ സുബൈര്‍, ഒ.ഇര്‍ഷാദ്, പ്രദേശത്തെ കര്‍ഷകര്‍ എന്നിവരും പങ്കെടുത്തു. 

വെടിവെച്ചുകൊന്ന പന്നികളെ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നിബന്ധനപ്രകാരം വനംവകുപ്പ് ജീവനക്കാരുടെ സാന്നിദ്ധ്യത്തില്‍ മേക്കളപ്പാറ പ്രദേശത്ത് സംസ്‌കരിച്ചു. രണ്ട് മാസം മുമ്പും വിവിധ വാര്‍ഡുകളില്‍ നിന്നായി 14 കാട്ടുപന്നികളെ വെടിവെച്ച് കൊന്നിരുന്നു. കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന നടപടി തുടരുമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍ മനോജ് അറിയിച്ചു.
Previous Post Next Post

نموذج الاتصال