45 ലിറ്റർ വിദേശമദ്യ ശേഖരവുമായി ദമ്പതികൾ പിടിയിൽ

മണ്ണാർക്കാട്: അട്ടപ്പാടിയിലേക്ക് വിൽപ്പനയ്ക്കായി കാറിൽ ഒളിപ്പിച്ചുകടത്തിയ 45 ലിറ്റർ വിദേശമദ്യശേഖരവുമായി ദമ്പതിമാരെ എക്സൈസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. അട്ടപ്പാടി അഗളി ചിറ്റൂർ കോട്ടമല താഴുമഠത്തിൽ പ്രതീഷ് (35), ഭാര്യ മീന (34) എന്നിവരെയാണ് മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഓഫീസ് സി.ഐ. ബി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 

തിങ്കളാഴ്ച വൈകീട്ട് 6.45-ന്‌ കാഞ്ഞിരത്താണ് സംഭവം. പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോ അസി. ഇൻസ്പെക്ടർ സുരേഷിന് കിട്ടിയ രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. പള്ളിപ്പടിയിൽനിന്ന് കനാൽമുക്ക് റോഡിലേക്ക് തിരിഞ്ഞ വാഹനത്തെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മദ്യശേഖരം കണ്ടെത്തിയത്. ബാഗിലും ചെറിയ കാഡ്‌ബോർഡ് പെട്ടികളിലുമായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ.

വിദേശമദ്യവിൽപ്പനശാലയുടെ കേന്ദ്രങ്ങൾ വഴി വാങ്ങിയതാണ് മദ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്വന്തം കാറിലാണ് ദമ്പതിമാർ മദ്യം കടത്തിയിരുന്നത്. ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി അട്ടപ്പാടിയിലേക്ക് വിൽപ്പനയ്ക്കായി കടത്തുകയായിരുന്നു മദ്യശേഖരമെന്നും സി.ഐ. അറിയിച്ചു. ആഴ്ചയിൽ രണ്ടുമൂന്നുംതവണ ഇവർ സമാനരീതിയിൽ ബിവറേജസ്‌ ഔട്ട്‌ലെറ്റുകൾവഴി മദ്യം വാങ്ങി അട്ടപ്പാടിയിലേക്ക് കടത്തുന്നുണ്ടെന്നും വിവരം ലഭിച്ചിരുന്നു. തുടർന്നുള്ള നിരീക്ഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. പ്രതീഷ് മുൻപും മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫീസിൽ സമാനമായ കേസിൽ പ്രതിയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പ്രിവന്റീവ് ഓഫീസർ രംഗൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബിൻദാസ്, ലിസി, പി.കെ. അശ്വന്ത്, മറ്റ്‌ എക്സൈസ് ഉദ്യോഗസ്ഥരായ ഷഹീദ്, ടി. വിഷ്ണു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. എക്സൈസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു
Previous Post Next Post

نموذج الاتصال