കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; യുവതി മരിച്ചു, പത്തു പേര്‍ക്ക് പരിക്ക്

മലപ്പുറം:  പെരിന്തൽമണ്ണയിൽ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ യുവതി മരിച്ചു. അപകടത്തിൽ പത്തു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് അഞ്ചരയോടെ പെരിന്തൽമണ്ണ തിരൂര്‍ക്കാട് വെച്ചാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. മണ്ണാർക്കാട് കോട്ടോപ്പാടം മേലെ അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകൾ ശ്രീനന്ദ (21)ആണ് മരിച്ചത്. മണ്ണാർക്കാട് യുണിവേഴ്സൽ കോളേജിലെ ബിസിഎ അവസാന വർഷ വിദാർഥിനിയാണ്. പ്രൊജക്ട് ആവശ്യാർഥം കോഴിക്കോടു പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്.

കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിരെ വരുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ ഒരു വശം പൂര്‍ണമായും തകര്‍ന്നു. ലോറി റോഡരികിലേക്ക് മറിയുകയും ചെയ്തു.

ബസിന്‍റെ ഒരു വശത്തായി ഇരുന്ന പത്തോളം പേർക്കാണ് പരിക്കേറ്റത്.  നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. പരിക്കേറ്റ 2 പേരുടെ  നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Previous Post Next Post

نموذج الاتصال