സിപിഎം ഏരിയ സമ്മേളനം നാളെ തച്ചമ്പാറയില്‍ തുടങ്ങും

തച്ചമ്പാറ : സിപിഎം മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ബുധന്‍,വ്യാഴം എന്നീ ദിവസങ്ങളിലായി തച്ചമ്പാറ കെജിഎം ഓഡിറ്റോറിയത്തില്‍ നടക്കും. 30 വര്‍ഷത്തിനുശേഷമാണ് ഏരിയ സമ്മേളനത്തിന്  തച്ചമ്പാറ ആതിഥ്യമരുളുന്നത്. 213 ബ്രാഞ്ച് കമ്മിറ്റികളിലായി, 11 ലോക്കല്‍ കമ്മിറ്റികളെ പ്രതിനിധീകരിച്ച്
129 പേരും, 20 ഏരിയാ കമ്മിറ്റി അംഗങ്ങളും,ജില്ലാ സംസ്ഥാന കമ്മിറ്റികളെ പ്രതിനിധീകരിക്കുന്നവരും  ഉള്‍പ്പെടെ 153 പേരാണ്  ദ്വിദിന ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കുക. 

ഇതിനു മുന്നോടിയായി, ബ്രാഞ്ച് സമ്മേളനങ്ങളും, ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. 11 ലോക്കല്‍ കമ്മിറ്റികളില്‍  തച്ചനാട്ടുകര, എടത്തനാട്ടുകര എന്നിവിടങ്ങളില്‍ മാത്രമാണ് പുതിയ സെക്രട്ടറിമാരെ തിരഞ്ഞെടുത്തത്.  ഏരിയ സമ്മേളനത്തോടനുബന്ധിച്ച് വനിതകള്‍ക്കായി നാടന്‍പാട്ട് മത്സരം, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവ നടത്തിയിരുന്നു. 

ബുധനാഴ്ച്ച രാവിലെ ഒന്‍പതു മണിയോടുകൂടി ആരംഭിക്കുന്ന സമ്മേളനം സിപിഎം സംസ്ഥാന സമിതി അംഗം ഗിരിജ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളായ ടി. എന്‍.കണ്ടമുത്തന്‍, പി.കെ.ശശി തുടങ്ങിയവര്‍ സമ്മേളനത്തില്‍ മുഴു സമയവും പങ്കെടുക്കും.വ്യാഴാഴ്ച വൈകിട്ടാണ് പുതിയ ഏരിയ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.
Previous Post Next Post

نموذج الاتصال