മണ്ണാര്‍ക്കാട്: വേനലെത്തും മുന്നെ കുന്തിപ്പുഴയിലും നെല്ലിപ്പുഴയിലും ജലനിരപ്പ് താഴുന്നത് ആശങ്കയുയര്‍ത്തുന്നു. തുലാവര്‍ഷം അവസാനിക്കാന്‍ ഇനി പത്ത് ദിവസം മാത്രം ശേഷിക്കെ മഴ പെയ്യാന്‍ മടിച്ചു നില്‍ക്കുന്നതും ആധിയുണര്‍ത്തുന്നു. ഇടവപ്പാതിയും തുലാവര്‍ഷവും വേണ്ടുവോളം കനിഞ്ഞ ഈ വര്‍ഷക്കാലത്ത് മണ്ണാര്‍ക്കാടിന് 294.68 സെന്റീ മീറ്റര്‍ മഴ ലഭിച്ചിട്ടുള്ളതായാണ് വനംഡിവിഷന്‍ ഓഫീസില്‍ സ്ഥാപിച്ച മഴമാപിനിയില്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്ക്. ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദങ്ങളും വിട്ടുമാറാതിരുന്ന ഒക്ടോബര്‍ മാസത്തിലാണ് മണ്ണാര്‍ക്കാടിനും ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.107.62 സെന്റീമീറ്റര്‍ മഴ. അതായത് കാലവര്‍ഷത്തില്‍ ലഭിച്ച ആകെ മഴയുടെ പകുതിയോളവും തുലാവര്‍ഷമെത്തിയ ഒക്ടോബറിലാണ് ലഭിച്ചത്.
തിമിര്‍ത്ത് പെയ്തമഴയിലും മലവെള്ളപ്പാച്ചിലുമെല്ലാം കുന്തിപ്പുഴയും നെല്ലിപ്പുഴയും കൂലംകുത്തിയൊഴുകുന്ന കാഴ്ചയാണ് പലസമയങ്ങളിലായി മണ്ണാര്‍ക്കാട് കണ്ടത്. എന്നാല്‍ ഇത്രയധികം മഴ പെയ്തിട്ടും പുഴയില്‍ വെള്ളമില്ലെന്ന അവസ്ഥ ഭീതിപ്പെടുത്തുകയാണ്.പലയിടങ്ങളിലും മണല്‍തിട്ടകള്‍ കണ്ട് തുടങ്ങി. ചിലയിടങ്ങളില്‍ പുഴ നീര്‍ച്ചാലു കണക്കെ ഒഴുകുന്നു.കുന്തിപ്പുഴയില്‍ അരകുര്‍ശ്ശി,പോത്തോഴിക്കാവ് തടയണകളിലാണ് കൂടുതല്‍ വെള്ളമുള്ളത്. മറ്റിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന ഭാഗത്തേക്കാണ് ആളുകള്‍ കുളിക്കാനും അലക്കാനുമായി എത്തുന്നത്.
അതേസമയം പുഴയില്‍ ജലനിരപ്പു താഴുന്നത് നിലവില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെളള വിതരണത്തെ ബാധിച്ചിട്ടില്ല. എന്നാല്‍ നീരൊഴുക്കിന്റെ ശക്തി കുറഞ്ഞത് കാര്‍ഷിക ജലസേചനത്തെ ബാധിക്കുമോയെന്നും ആശങ്കയുണ്ട്. പുഴയിലെ ജലവിതാനത്തെ കൂടി ആശ്രയിച്ചാണ് ഇരുകരയിലും കൃഷികള്‍ നടക്കുന്നത്. ഇടമഴയും വേനല്‍മഴയും കാര്യമായി ലഭിച്ചില്ലെങ്കില്‍ കനത്ത വരള്‍ച്ചയേയായിരിക്കും ഇക്കൊല്ലം മണ്ണാര്‍ക്കാടിന് അഭിമുഖീകരിക്കേണ്ടി വരിക എന്നതിന്റെ സൂചകമാണ് അതിനേരത്തെയുള്ള പുഴയുടെ ക്ഷീണം.
പ്രളയത്തിന് ശേഷം അടിഞ്ഞ് കൂടിയ മണല്‍ നീക്കം ചെയ്യാത്തതാണ് പ്രധാനമായും പുഴയുടെ ജലസംഭരണ ശേഷിക്ക് തിരിച്ചടിയായിരിക്കുന്നത്. ജലചൂഷണവും കയ്യേറ്റവും പുഴയുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുന്നതായും വിലയിരുത്തപ്പെടുന്നു. മഴക്കാലത്ത് പുഴ പലയിടങ്ങളിലും ഗതിമാറിയൊഴുകുന്ന പ്രവണതയുണ്ട്. തീര സംരക്ഷണത്തിന് നടപടികളില്ലാത്തതും ഇതിന് കാരണമാണ്. തത്തേങ്ങലത്ത് പുഴയോര സംരക്ഷണത്തിന് റിവര്‍മാനേജ്മെന്റ് ഫണ്ട് 78 ലക്ഷം രൂപയുടെ പദ്ധതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും നടപടികള്‍ വൈകുകയാണ്.