വാനിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമമെന്ന വാട്സാപ്പ് സന്ദേശം ഒരു നാടിനെ പരിഭ്രാന്തിയിലാക്കി. ഇന്ന് രാവിലെയോടെയാണ് സംഭവം വെള്ള മാരുതി വാനിൽ കോട്ടോപ്പാടത്ത് നിന്ന് വിദ്യാർത്ഥികളെ തട്ടി കൊണ്ട് പോകാൻ ശ്രമമെന്ന ഓഡിയോ സന്ദേശം പ്രദേശത്തെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പരന്നതാണ് ആശങ്കക്ക് ഇടയാക്കിയത്
ഒന്നിലേറെ കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്നും അതിൽ ഒരു കുട്ടി കുതറിയോടി രക്ഷപ്പെട്ടു എന്നും അത് ആരുടെ കുട്ടിയാണെന്നും മറ്റുമുള്ള വിശദ വിവരങ്ങൾ വാട്സാപ്പ് സന്ദേശത്തിൽ ഉൾപ്പെട്ടതിനാൽ പരിഭ്രാന്തിയിലായ നാട്ടുകാർ ആ വാനിനെ തേടി റോഡിലിറങ്ങുകയായിരുന്നു. ചില രക്ഷിതാക്കൾ ഈ സന്ദേശം കേട്ട് കുട്ടികളെ സ്ക്കൂളിൽ വിടാതേയും ഇരുന്നു. കോട്ടോപ്പാടത്തും പരിസര പ്രദേശങ്ങളിലും പരന്ന സന്ദേശം ഒരു നാടിനെ തന്നെയാണ് മുൾമുനയിൽ നിർത്തിയത്. തുടർന്ന് നാട്ടുകൽ പോലീസ് അന്വേഷണത്തിൽ അത് വ്യാജ സന്ദേശമാണെന്ന് കണ്ടെത്തുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പും ഇത് പോലുള്ള സന്ദേശങ്ങൾ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടിരുന്നു. സ്ക്കൂളിൽ പോകാനും മറ്റും മടിയുള്ള കുട്ടികൾ ഭാവനാത്മകമായി മെനഞ്ഞെടുക്കുന്ന കഥകളാണ് സത്യാവസ്ഥ മനസ്സിലാക്കാതെ ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത്. സത്യാവസ്ഥയറിയാതെ എല്ലാവരിലും വളരെ വേഗത്തിൽ എത്തിക്കുക എന്ന മനോഭാവത്തോടെ ചിലർ അമിതാവേശത്തിൽ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കൊണ്ട് ഭാവിയിൽ യഥാർത്ഥമായി അപകടം സംഭവിച്ചാൽ അതും ഇത് പോലെ വ്യാജമാണെന്ന തെറ്റിദ്ധാരണ ജനങ്ങളിൽ സൃഷ്ടിക്കുമെന്ന ഭീതിയും ജനങ്ങൾ പങ്കുവെക്കുന്നു