കല്ലടിക്കോട്:വേനല്‍ മഴയെത്തിയതോടെ പനയമ്പാടം ഭാഗത്ത് വീണ്ടും അപകടങ്ങള്‍ തമ്പടിക്കുന്നു. കഴിഞ്ഞദിവസം അഗളി ഡിവൈഎസ്പിയുടെ വാഹനം തലകീഴായി മറിഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ ഞെട്ടിക്കുന്ന സംഭവം. നിയന്ത്രണം തെറ്റിയ ജീപ്പ് ഒന്നിലധികം തവണ മറിഞ്ഞാണ് പാതയോരത്തേക്ക് പതിച്ചത്. ഭാഗ്യം കൊണ്ട് വലിയ അപായങ്ങളൊന്നുമുണ്ടായില്ല. ദേശീയപാത നവീകരണം നടന്ന ശേഷമാണ് കല്ലടിക്കോട് തുപ്പനാട് മുതല്‍ മേലേ പനയമ്പാടം വരെയുള്ള മേഖല അപകടങ്ങളുടെ സ്ഥിരം വേദിയായി മാറിയതെന്ന് നാട്ടുകാര്‍ പറയുന്നു.ചെറുതും വലുതുമായ നൂറിലേറെ വാഹനാപകടങ്ങള്‍ക്ക് ഈ പ്രദേശം സാക്ഷിയായി.പത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി.16ഓളം പേര്‍ക്ക് അംഗവൈകല്ല്യം സംഭവിച്ചു. നിരവധി വാഹനങ്ങള്‍ തകര്‍ന്നു. കേടുപാടു പറ്റി.
മഴ പെയ്യുമ്പോഴാണ് അപകടങ്ങളുണ്ടാകുന്നത്.അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് ഇതിന് കാരണമെന്ന് നേരത്തെ മുതല്‍ നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.മേലേ പനയമ്പാടത്തിനു സമീപം വളവു കാര്യമായി നിവര്‍ത്താതെ ഇറക്കത്തോടെയാണ് പാത നവീകരിച്ചിട്ടുള്ളത്.പനയമ്പാടം മേഖലയില്‍ 30 കിലോ മീറ്ററാണ് വേഗതാ പരിധിയുടെ മുന്നറിയിപ്പ്. ഇതിനപ്പുറം അപകട സാധ്യതയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പാതയില്‍ കുഴപ്പമുണ്ടെന്നതല്ലേ സമ്മതിക്കുന്നതെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.
അപകടം പെരുകുമ്പോള്‍ അധികൃതര്‍ വരികയും താത്കാലിക നടപടികള്‍ സ്വീകരിച്ച് മടങ്ങുകയുമാണ് ചെയ്യുന്നത്. വാഹനാപകടങ്ങളില്‍ നിന്നും പനയമ്പാടം ഭാഗത്തെ കരകയറ്റുന്നതിന് ശാശ്വതമായ നടപടികളുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം അപകടപരമ്പരയ്ക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമര രംഗത്തെത്തിയിരുന്നു.റോഡില്‍ ഗ്രിപ്പിട്ടും, ഡിവൈഡര്‍ വെച്ചും താത്കാലിക നടപടികളുണ്ടായി. രാത്രികാലങ്ങളില്‍ സ്വസ്ഥമായി ഉറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പരിസരവാസി കൂടിയായ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കല്‍ പറഞ്ഞു. മഴയത്ത് അപകടങ്ങള്‍ക്ക് കുട പിടിക്കുന്ന റോഡിന്റെ പേരായ്മക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന പനയമ്പാടത്തിന്റെ മുറവിളിക്ക് വീണ്ടും ശക്തിയേറുകയാണ്.