സ്ഥലം മാറ്റിയവർക്ക് പകരം ചുമതലയേറ്റവർ അവധിയിൽ പ്രവേശിച്ചു; താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡിന് താഴ് വീണു

മണ്ണാർക്കാട്:  ഡോക്ടര്‍മാർ ഇല്ലാത്തതിനെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ് അടച്ചു. നിലവിലുണ്ടായിരുന്ന ഗൈനക്കോളജി ഡോക്ടർമാരെ സ്ഥലം മാറ്റുകയും പകരം ചുമതലയേറ്റ ഡോക്ടർമാർ നീണ്ട അവധിയെടുത്തതുമാണ് പ്രസവവാർഡ് അടച്ചിടാൻ കാരണം. ഇതോടെ  പ്രസവസംബന്ധമായ ചികിത്സകൾക്ക് സാമ്പത്തിക പ്രയാസം കാരണം  സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാവാത്ത സാധാരണക്കാർ ദുരിതത്തിലായി.

കഴിഞ്ഞ പന്ത്രണ്ട് വർഷമായി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഗൈനക്കോളജി ഡോക്ടര്‍ കൃഷ്ണനുണ്ണി, ഡോക്ടർ ദീപിക, അനസ്തീസിയ  വിഭാഗം ഡോക്ടർ സലിന എന്നിവരെയാണ് സ്ഥലം മാറ്റിയത്. പകരം ചുമതലേയറ്റ കോട്ടയം കുമരകത്തെ ഡോക്ടർ കല, ആലപ്പുഴയിലെ ഡോക്ടർ ദിവ്യ ഗോപിനാഥ് എന്നിവരാണ് ദീര്‍ഘനാള്‍ അവധിയിൽ പ്രവേശിച്ചത്

പാലക്കാട് ജില്ലാ ആശുപത്രി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്നത് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ്. അട്ടപ്പാടിയുൾപ്പടെയുള്ള മേഖലയിലെ സത്രീകളടക്കം നിരവധി സാധാരണക്കാര്‍ പ്രസവത്തിനും, പ്രസവശുശ്രൂഷകൾക്കുമായി ആശ്രയിക്കുന്ന ഇടം കൂടിയാണിത്. ഡോക്ടര്‍മാരുടെ നീണ്ട അവധി കാരണം ഈമാസം ഇരുപത്തി നാല് മുതൽ വാര്‍ഡ് അടഞ്ഞ് കിടക്കുകയാണ്. നിലവിൽ പരിശോധനയ്ക്കെത്തുന്ന ഗർഭിണികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ്.
Previous Post Next Post

نموذج الاتصال