പെരിന്തല്‍മണ്ണ: പ്രവാസിയായ അഗളി സ്വദേശി അബ്ദുല്‍ ജലീലിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി യഹ്യ പിടിയില്‍. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്ന് ഇന്നലെ അര്‍ധരാത്രിയോടെയാണ് യഹ്യയെ പൊലീസ് പിടികൂടിയത്. പാണ്ടിക്കാടുള്ള ഒളിവില്‍ ഇരുന്നിരുന്ന വീട്ടില്‍ നിന്നാണ് യഹിയയെ പിടികൂടിയത്. കൊല്ലപ്പെട്ട അബ്ദുല്‍ ജലീലിനെ വഴിയരികില്‍ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചത് യഹ്യയായിരുന്നു. തുടര്‍ന്ന് അബ്ദുല്‍ ജലീലിന്റെ വീട്ടിലേക്കും വിവരമറിയിച്ചശേഷം ഇയാള്‍ ആശുപത്രിയില്‍ നിന്ന് കടന്നുകളയുകയായിരുന്നു.
യഹ്യക്ക് രഹസ്യകേന്ദ്രത്തില്‍ താമസസൗകര്യം ഒരുക്കിക്കൊടുത്തവരെയും മലപ്പുറം ജില്ല പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കരുവാരകുണ്ട് കുട്ടത്തിയിലെ പുത്തന്‍പീടികയില്‍ നബീല്‍ , പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍, അങ്ങാടിപ്പുറം പിലാക്കല്‍ അജ്മല്‍ എന്ന റോഷന്‍ എന്നിവരാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ യഹ്യയ്ക്ക് മൊബൈല്‍ ഫോണും സിം കാര്‍ഡും എടുത്തു നല്‍കിയിരുന്നു.
മേയ് പതിനഞ്ചിനാണ് നെടുംമ്ബാശ്ശേരിയില്‍ എത്തിയ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ മുബഷിറയും കുടുംബവും അഗളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇടയ്ക്ക് കുടുംബവുമായി ബന്ധപ്പെട്ട ജലീല്‍ പരാതി പിന്‍വലിക്കാനും ആവശ്യപ്പെട്ടിരുന്നു. വീട്ടില്‍ തിരിച്ചെത്തുമെന്ന് അറിയിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ ഇായളെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന വിവരമാണ് പിന്നീട് കുടുംബം അറിയുന്നത്. വ്യാഴാഴ്ച രാത്രി 12.15നാണ് അബ്ദുള്‍ ജലീല്‍ മരിച്ചത്.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേരടക്കം ഒമ്പത് പേര്‍ ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. യഹിയയെ കോടതിയില്‍ ഹാജരാക്കി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിനെ തീരുമാനം